

ആലപ്പുഴ: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്‌പ്രസിൻ്റെ റൂട്ട് മാറ്റാനുള്ള നിർദേശം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. ഇത് കോട്ടയം വഴി ആക്കാമെന്നുള്ള നിർദേശത്തിനെതിരെ അദ്ദേഹം റെയിൽവേ മന്ത്രിക്ക് കത്തയച്ചതായി അറിയിച്ചു.(KC Venugopal's letter to railway Minister)
റൂട്ട് മാറ്റാമെന്ന് മന്ത്രി അറിയിച്ചത് എറണാകുളം-കായംകുളം പാസഞ്ചര്‍ വന്ദേഭാരത് എക്‌സ്പ്രസ് കടന്ന് പോകാന്‍ വേണ്ടി സ്ഥിരമായി പിടിച്ചിടുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ച അവസരത്തിലാണെന്നും, എന്നാൽ ഇത് അപ്രായോഗികമാണെന്നും പറഞ്ഞ എം പി, ഈ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു.
ആലപ്പുഴ അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രമായതിനാൽ വന്ദേഭാരത് പോലെയുള്ള പ്രീമിയം സർവീസുകൾ ആവശ്യമാണെന്ന് പറഞ്ഞ കെ സി വേണുഗോപാൽ, സമയക്രമം പുനഃക്രമീകരിച്ച് യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടതെന്നും വ്യക്തമാക്കി.
ആലപ്പുഴ-എറണാകുളം റൂട്ടില്‍ മെമു, പാസഞ്ചര്‍ ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വര്‍ധിപ്പിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നും, തീരദേശപാത വഴി എറണാകുളം-കൊല്ലം ഭാഗത്ത് പുതിയ പാസഞ്ചര്‍ ട്രെയിന്‍ വേണമെന്നും റെയിൽവേക്ക് മുന്നിൽ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഏറെ നാളായി എറണാകുളം-അമ്പലപ്പുഴ ഭാഗത്ത് മുടങ്ങിക്കിടക്കുന്ന പാത ഇരട്ടിപ്പിക്കൽ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും കൂട്ടിച്ചേർത്തു.