
ആലപ്പുഴ: എൽ ഡി എഫിൽ മുകേഷ് എം എല്‍ എയുടെ രാജിയെച്ചൊല്ലി സി പി ഐ- സി പി എം തര്‍ക്കമില്ലെന്ന് പറഞ്ഞ് ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സി പി ഐയിൽ ഭിന്നതയില്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം, മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തിൽ സി പി ഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, സി പി ഐയുടെ കാര്യം പറയാന്‍ കേരളത്തില്‍ നേതൃത്വമുണ്ടെന്നും, ഇവിടെയും അവിടെയുമൊന്നും സി പി ഐക്ക് രണ്ട് കാഴ്ച്ചപ്പാടില്ലെന്നും വ്യക്തമാക്കി. സി പി ഐ- സി പി എം തര്‍ക്കമെന്ന വ്യാമോഹമൊന്നും ആര്‍ക്കും വേണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം, എല്ലാത്തിനും പരിഹാരം കണ്ടെത്തുമെന്നും അറിയിച്ചു.
ആനി രാജ മുകേഷ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടി നൽകിയ ലൈംഗികാതിക്രമക്കേസിൽ ആരോപിതനായ മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്. പരാതി വന്നത് മുതൽ മുകേഷ് മാറി നിൽക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞ ആനി രാജ, അദ്ദേഹം സ്വമേധയാ സ്ഥാനത്ത് നിന്ന് മാറാത്ത പക്ഷം, സർക്കാർ ഇടപെട്ട് മാറ്റുമെന്നും വ്യക്‌തമാക്കിയിരുന്നു.
ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം ഇത് തള്ളിക്കൊണ്ടാണ്.