
ആലപ്പുഴ: അർത്തുങ്കൽ തുറമുഖ പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ( Arthunkal Port Project). ആലപ്പുഴയിലുള്ള അർത്തുങ്കൽ ഹാർബറിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ തുറമുഖ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. മത്സ്യത്തൊഴിലാളികളുമായും സംഘം ആശയവിനിമയം നടത്തി. ഹാർബറുമായി ബന്ധപ്പെട്ട ഉന്നതതല ഉദ്യോഗസ്ഥ പ്രതിനിധികൾ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള കൂടുതൽ നിർദേശങ്ങൾ കേൾക്കുന്നതിനായി തുറമുഖം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ശുചിമുറി ബ്ലോക്ക്, ഐസ് പ്ലാന്റ് എന്നിവ മന്ത്രി സന്ദർശിച്ചു. ഹാർബർ ചീഫ് എൻജിനീയർ എം.എ.മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എൻജിനീയർ എം.ടി.രാജീവ്,നബാർഡ് ഡിഡിഎം പ്രേംകുമാർ, എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്.സ്വപ്ന, അർത്തുങ്കൽ ഹാർബർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.പി.സുനിൽ, ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം.വി.ഗോപകുമാ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.