ക്ഷീരകർഷകർക്ക് കേരളബാങ്കുമായി ചേർന്ന് വായ്‌പ ലഭ്യമാക്കും: ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരഉല്പാദന രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കും : മന്ത്രി ജെ. ചിഞ്ചുറാണി | Dairy farmers

Dairy farmers
Published on

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാൻ കേരളബാങ്കുമായി ചേർന്ന് വായ്‌പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീരകർഷക അവാർഡ് വിതരണവും തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ക്ഷീരകർഷകർക്കും സബ്‌സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും ഫോക്കസ് ബ്ലോക്ക് പദ്ധതി ക്ഷീരഉല്പാദന രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് ബ്ലോക്ക് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 50 ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതിയിൽഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിൽ നിന്ന് ഇളംദേശം ,അടിമാലി ,കട്ടപ്പന ,വാത്തിക്കുടി ,നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക.

പാൽ ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ക്ഷീരവികസന വകുപ്പ് നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പഞ്ചാബ് കഴിഞ്ഞാൽ പാൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതൽ സങ്കരയിനം പശുക്കളെ വളർത്തുന്ന സംസഥാനവും കേരളമാണ്.

തനത് പശുക്കളുടെ പാലിന് വലിയ തോതിൽ ആവശ്യമുയർന്നിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തണം. ഇതിനായി ക്ഷീരസംഘങ്ങൾ അനുയോജ്യമായ സ്ഥലം ഏറ്റെടുത്ത് തീറ്റപ്പുൽകൃഷി ആരംഭിക്കണം. കേരള ഫീഡ്സ്, മിൽമ എന്നീ സ്ഥാപനങ്ങൾ കാലിതീറ്റ വില കുറച്ചാണ് ക്ഷീരകർഷകർക്ക് നൽകുന്നത്. . ഈ ഇനത്തിൽ കൂടുതൽ സബ്സിഡി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കന്നുകുട്ടി പരിപാലന പദ്ധതി , കിടാരി പാർക്കുകൾ എന്നിവ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കന്നുകുട്ടി പരിപാലന പദ്ധതിയിൽ കഴിഞ്ഞ വർഷം 22 കോടി രൂപയാണ് ചിലവഴിച്ചത്. ഈ വർഷം 48 കോടി മാറ്റിവച്ചിട്ടുണ്ട്.

ചർമ്മരോഗം, വേനൽചൂട്, വിഷ പുല്ല് എന്നിവ കാരണം പശുക്കൾ മരണപ്പെടുന്നുണ്ട്. ഇതിന് നഷ്ടപരിഹാരം നൽകാനായി സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 37,500 രൂപയാണ് ഈ ഇനത്തിൽ കര്ഷകന് നഷ്ടപരിഹാരമായി ലഭിക്കുക. ഡോക്ടറും മരുന്നുമുൾപ്പടെ വെറ്റിനറി ആംബുലൻസ് സേവനം എല്ലാ ബ്ലോക്കുകളിലും എത്തിക്കുന്ന പദ്ധതി ആരംഭിക്കുകയാണ്. പശു വീണുപോയാൽ എഴുന്നേൽപ്പിക്കാൻ കഴിയുന്ന ഉപകാരണങ്ങളടക്കമാകും ആംബുലൻസ് കർഷകന്റെ വീട്ടുമുറ്റത്ത് എത്തുക.

2024-25 ക്ഷീരസഹകാരി അവാർഡ്, ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ്, മികച്ച ക്ഷീരകർഷകർക്കുള്ള ക്ഷീരകർഷക ക്ഷേമനിധി അവാർഡ്, ക്ഷീര സംഘം ജീവനക്കാർക്കുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

തൊടുപുഴ റിവർവ്യൂ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പീരുമേട് എം എൽ എ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സബീന ബിഞ്ചു, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ക്ഷീര കർഷക ക്ഷേമനിധി ചെയർമാൻ വി.പി ഉണ്ണികൃഷണൻ, എറണാകുളം മേഖല ക്ഷീ രോത്പാദക സഹകരണ സംഘം ചെയർമാൻ വത്സലൻ പിള്ള, തിരുവനന്തപുരം മേഖല ക്ഷീരോത്പാദക സഹകരണ സംഘം ചെയർമാൻ മണി വിശ്വനാഥ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, ഉപ്പുതറ ആപ്കോസ് പ്രസിഡൻ്റ് ജോൺസൺ കെ.കെ, മച്ചിപ്ലാവ് ആപ്കോസ് പ്രസിഡൻ്റ് പോൾ മാത്യു, വലിയതോവാള ആപ്കോസ് പ്രസിഡൻ്റ് അജേഷ് മോഹനൻ നായർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ മിനി ആർ എന്നിവർ സന്നിഹിതരായി. ക്ഷീര വികസന ഡയറക്ടർ ശാലിനി ഗോപിനാഥ് സ്വാഗതവും ക്ഷീര കർഷക ക്ഷേമനിധി സി ഇ ജിജ സി കൃഷ്ണൻ നന്ദിയും പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com