ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ജനുവരി 30-ന് നടന്ന വാഹനാപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാനായി ഭാര്യയും സംഘവും ചേർന്ന് ഭർത്താവായ ആശിഷിനെ വകവരുത്തുകയായിരുന്നു. മേഘാലയയിൽ നടന്ന വിവാദമായ ‘ഹണിമൂൺ കൊലപാതക’ത്തിന് സമാനമായ രീതിയിലാണ് ഈ കേസും തെളിയിക്കപ്പെട്ടത്.(Honeymoon Murder 2.0, Wife and lover arrested for killing man in Rajasthan)
ജനുവരി 30-ന് രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയ ദമ്പതികളെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു എന്നാണ് പോലീസ് ആദ്യം കരുതിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ആശിഷ് മരിച്ചു. അക്രമിസംഘം തന്റെ ആഭരണങ്ങൾ കവർന്നെന്നും വാഹനമിടിച്ച ആഘാതത്തിൽ താൻ ബോധരഹിതയായെന്നുമാണ് ഭാര്യ അഞ്ജു പോലീസിന് മൊഴി നൽകിയത്.
അഞ്ജുവിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ് പോലീസിന് സംശയമുണ്ടാക്കിയത്. വാഹനമിടിച്ചെന്ന് പറഞ്ഞിട്ടും അഞ്ജുവിന്റെ ശരീരത്തിൽ നിസ്സാര പരിക്കുകൾ പോലും ഉണ്ടായിരുന്നില്ല. വാഹനമിടിച്ചുള്ള പരിക്കുകൾക്ക് പുറമെ ആശിഷിന്റെ കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
അഞ്ജു അയൽവാസിയായ സഞ്ജു എന്ന യുവാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൈബർ പോലീസ് കണ്ടെത്തിയതോടെ കൊലപാതക വിവരം പുറത്തായി. മൂന്ന് മാസം മുൻപായിരുന്നു ആശിഷിന്റെയും അഞ്ജുവിന്റെയും വിവാഹം. സഞ്ജുവുമായുള്ള ബന്ധം തുടരാൻ ഭർത്താവിനെ ഒഴിവാക്കാൻ അഞ്ജു തീരുമാനിക്കുകയായിരുന്നു.
സംഭവ ദിവസം രാത്രി അഞ്ജു ആശിഷിന് മദ്യം നൽകിയ ശേഷമാണ് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാത്തുനിന്ന സഞ്ജുവും കൂട്ടുകാരും ചേർന്ന് ആശിഷിനെ ശ്വാസം മുട്ടിച്ച് കൊന്നു. മരണം ഉറപ്പാക്കിയ ശേഷം ഇതൊരു വാഹനാപകടമാണെന്ന് വരുത്താൻ മൃതദേഹത്തിന് മുകളിലൂടെ കാർ ഓടിച്ചു കയറ്റി. കവർച്ച നടന്നതാണെന്ന് ബോധ്യപ്പെടുത്താൻ തന്റെ ആഭരണങ്ങളും ഫോണും അഞ്ജു പ്രതികൾക്ക് കൈമാറി. പിന്നീട് റോഡിൽ ബോധരഹിതയായി അഭിനയിച്ചു. അഞ്ജുവിനെയും കാമുകൻ സഞ്ജുവിനെയും ഇവരുടെ സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.



