ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ ഏർപ്പെടുത്തിയ ഭർത്താവ് പിടിയിൽ (Ghaziabad Murder Attempt). അയൽവാസിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഹരിശങ്കർ എന്നയാൾ ഭാര്യ സഞ്ജനയെ വകവരുത്താൻ ഗൂഢാലോചന നടത്തിയത്. ജനുവരി 26-ന് രാത്രി മാർക്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം സഞ്ജനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അരക്കെട്ടിൽ വെടിയേറ്റ സഞ്ജന അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ, തന്റെ അയൽവാസിയാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് ഹരിശങ്കർ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടത്തിയ സിസിടിവി പരിശോധനയിലും ശാസ്ത്രീയ അന്വേഷണത്തിലും ഹരിശങ്കറിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയായിരുന്നു. അയൽവാസിയെ കേസിൽ കുടുക്കാനും ഭാര്യയെ വകവരുത്താനുമായി ഹരിശങ്കർ തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ശ്രമത്തിനായി വിനീത്, അർജുൻ, രാജ് എന്നിവരടങ്ങിയ സംഘത്തിന് 50,000 രൂപയാണ് ഹരിശങ്കർ നൽകിയത്.
നേരത്തെ രണ്ട് തവണ സഞ്ജനയെ കൊല്ലാൻ സംഘം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മൂന്നാം തവണ പ്രൊഫഷണൽ ക്രിമിനലായ വിഭോർ ശർമ്മയിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് ഇവർ കൃത്യം നടത്തിയത്. ഹരിശങ്കർ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും തിരകളും പോലീസ് കണ്ടെടുത്തു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

