തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു (Nagampadam Mahadeva Temple). ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറിച്ച പുണ്യഭൂമി എന്ന പ്രാധാന്യം പരിഗണിച്ചാണ് നടപടി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് മറുപടി പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
1928 ജനുവരി 16-ന് നാഗമ്പടം ക്ഷേത്രമുറ്റത്തെ മാവിൻ ചുവട്ടിലിരിക്കുമ്പോഴാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനമെന്ന ആശയത്തിന് അംഗീകാരം നൽകിയത്. 1932 ഡിസംബർ 24-ന് നാഗമ്പടത്ത് നിന്ന് പുറപ്പെട്ട ആദ്യ തീർത്ഥാടന സംഘം 1933 ജനുവരി ഒന്നിന് ശിവഗിരിയിലെത്തി. ശിവൻ, ശ്രീനാരായണ ഗുരുദേവൻ, സുബ്രഹ്മണ്യൻ എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ.
ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന വിശ്വദർശനം സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കാൻ ഈ പ്രഖ്യാപനം സഹായിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ദേവസ്വം വകുപ്പ് നൽകിയ നിവേദനം പരിഗണിച്ചാണ് സർക്കാർ ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യും.

