തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ് വിധിച്ചു (Thiruvananthapuram POSCO Case). വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി തടവ് ശിക്ഷയ്ക്ക് പുറമെ 26,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
2024 ഒക്ടോബർ 20-ന് വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി നിർബന്ധിച്ച് ഉമ്മ വെപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് ഓടിയ കുട്ടി പിതാവിനോട് വിവരം പറയുകയും തുടർന്ന് ബന്ധുക്കൾ വലിയതുറ പോലീസിൽ പരാതി നൽകുകയുമായിരുന്നു. 14 വർഷം കഠിനതടവിനൊപ്പം പിഴ ഒടുക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാര തുകയും അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
വലിയതുറ പോലീസ് സബ് ഇൻസ്‌പെക്ടർ എസ്. ജയശ്രീയുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി എന്നിവർ ഹാജരായി. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ വേഗത്തിലുള്ള വിധി.

