പാലക്കാട്: കർഷകരുടെ ആനുകൂല്യങ്ങൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസിൽ മൂന്ന് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ മുൻ അഗളി കൃഷി ഓഫീസർ വെങ്കിടേശ്വര ബാബു വിജിലൻസ് പിടിയിലായി. 2016-ൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. (Agali Agriculture Officer scam)
2006-ൽ അഗളി കൃഷി ഭവനിൽ ഓഫീസറായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. പ്രകൃതി ദുരന്തത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തുക സ്വന്തമാക്കാൻ കർഷകരുടെ പേരിൽ വ്യാജ രേഖകൾ ചമച്ചു. വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2016-ൽ തൃശൂർ വിജിലൻസ് കോടതി ബാബുവിന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.
കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ശിക്ഷ അനുഭവിക്കാൻ ഹാജരാകാൻ കോടതി നിർദ്ദേശിച്ചതോടെ ഇയാൾ മുങ്ങുകയായിരുന്നു.
പാലക്കാട് വിജിലൻസ് യൂണിറ്റ് നടത്തിയ പത്തു വർഷത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്. കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ അവിടെ നിന്നും ബംഗളൂരുവിലേക്ക് മാറിയിരുന്നു. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഉടൻ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.



