തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും ഡി.സി.സി അധ്യക്ഷന്മാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടും.(Candidate selection, Madhusudan Mistry to hold discussions with Congress leaders in Thiruvananthapuram)
യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ രണ്ടാം ഘട്ടത്തിലും അനിശ്ചിതത്വത്തിലാണ്. പ്രധാനമായും കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റുകളെച്ചൊല്ലിയാണ് കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്നത്. ഏറ്റുമാനൂർ സീറ്റ് തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്ന നിലപാടിൽ ജില്ലാ നേതൃത്വം ഉറച്ചുനിൽക്കുന്നു. എന്നാൽ, പകരം സീറ്റ് ലഭിക്കാതെ വിട്ടുകൊടുക്കില്ലെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്.
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ഏറ്റുമാനൂർ വിട്ടുകൊടുക്കണമെങ്കിൽ പകരം പൂഞ്ഞാർ സീറ്റ് വേണമെന്ന നിർദ്ദേശം അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ഇടുക്കി, കുട്ടനാട്, കോതമംഗലം സീറ്റുകളുടെ കാര്യത്തിലും കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്.

