ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുകറെ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് സസ്പെൻഡ് ചെയ്തു. രണ്ട് മക്കൾക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി വഴിവിട്ട രീതിയിൽ നിയമനം നൽകിയെന്ന ഗുരുതരമായ അഴിമതി ആരോപണത്തെത്തുടർന്നാണ് അടിയന്തര നടപടി. വിഷയത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 317(1) പ്രകാരം സുപ്രീം കോടതി അന്വേഷണം നടത്താൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശയും നൽകി.(KPSC Chairman suspended by Karnataka Governor over daughter’s illegal appointment row)
പി.എസ്.സി ചെയർമാന്റെ നേരിട്ടുള്ള ആശ്രിതർ ഉദ്യോഗാർത്ഥികളായി പരീക്ഷ എഴുതിയിട്ടും, ആ വിവരങ്ങൾ മറച്ചുവെക്കുകയും സെലക്ഷൻ പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കാൻ ചെയർമാൻ തയ്യാറായില്ലെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, ഒബിസി സംവരണവും ക്രീമിലെയർ ആനുകൂല്യവും കൈക്കലാക്കാൻ സാഹുകറുടെ ഒരു മകൾ കുടുംബത്തിന്റെ വാർഷിക വരുമാനം വെറും 40,000 രൂപയാണെന്ന് കാണിച്ച് വ്യാജ വരുമാന-ജാതി സർട്ടിഫിക്കറ്റ് ചമച്ചതായും കണ്ടെത്തി. പിതാവ് ഉന്നത പദവിയിലിരിക്കെ യഥാർത്ഥ വരുമാനം മറച്ചുവെച്ചാണ് ഈ തട്ടിപ്പ് നടത്തിയത്. കൂടാതെ, നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാന്റെ മക്കൾക്ക് പിന്നാക്ക വിഭാഗ കോട്ടയിൽ സംവരണത്തിന് അർഹതയില്ലെന്ന നിയമവും ഇവർ കാറ്റിൽപ്പറത്തി.
അന്വേഷണം സുതാര്യവും നിഷ്പക്ഷവുമായി നടത്തുന്നതിനും പി.എസ്.സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനുമാണ് ചെയർമാനെ അടിയന്തരമായി സസ്പെൻഡ് ചെയ്തതെന്ന് ഗവർണർ അറിയിച്ചു. രാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ സസ്പെൻഷൻ തുടരും. താല്ക്കാലിക ചുമതല കമ്മീഷനിലെ ഏറ്റവും മുതിർന്ന അടുത്ത അംഗത്തിന് നൽകാനും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.
Story Summary
Karnataka Governor Thaawar Chand Gehlot suspended KPSC Chairman Shivashankarappa S Sahukar over allegations of illegally appointing his two daughters as Industrial Extension Officers. Sahukar failed to recuse himself from the selection process, and one of his daughters allegedly falsified the family’s annual income as Rs 40,000 to secure an OBC reservation quota, which is legally barred for KPSC chiefs’ children.

