ന്യൂഡൽഹി: ഖത്തറിന്റെ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ആദരസൂചകമായി ഇന്ത്യയിൽ തിങ്കളാഴ്ച ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു (Qatar emir death). ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പതിവായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ-ഔദ്യോഗിക കെട്ടിടങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. തിങ്കളാഴ്ച രാജ്യത്ത് യാതൊരുവിധ ഔദ്യോഗിക ആഘോഷ പരിപാടികളും ഉണ്ടായിരിക്കില്ല.
ഖത്തറിനെ വികസനത്തിന്റെയും സാമ്പത്തിക സമൃദ്ധിയുടെയും ഉന്നതങ്ങളിലേക്ക് നയിച്ച ദീർഘവീക്ഷണമുള്ള മികച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഹമദെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. “2024 ഫെബ്രുവരിയിൽ എന്റെ അവസാന ഖത്തർ സന്ദർശനവേളയിൽ അദ്ദേഹത്തെ നേരിട്ട് കാണാൻ അവസരം ലഭിച്ചിരുന്നു. ഇന്ത്യയുടെ യഥാർഥ സുഹൃത്തായാണ് അദ്ദേഹത്തെ ഞങ്ങൾ എക്കാലവും ഓർക്കുന്നത്,” പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഞായറാഴ്ച രാവിലെയായിരുന്നു ഖത്തറിന്റെ ‘ഫാദർ അമീർ’ എന്നറിയപ്പെടുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ അന്ത്യം സംഭവിച്ചത്. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം, പിന്നീട് തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അധികാരം കൈമാറുകയായിരുന്നു. ആധുനിക ഖത്തറിന്റെ യഥാർത്ഥ ശിൽപിയും പ്രഗത്ഭനായ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം.
ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളർന്നത്. ഗൾഫിലെ ഒരു ചെറിയ രാജ്യമായിരുന്ന ഖത്തറിനെ ആഗോള തലത്തിൽ തന്നെ നിർണായക സ്വാധീനമുള്ള ആധുനിക രാജ്യമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാമ്പത്തിക-ഊർജ മേഖലകളിൽ വൻ മുന്നേറ്റം ഉണ്ടാക്കിയതിനൊപ്പം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര മധ്യസ്ഥ ശ്രമങ്ങളുടെയും ചർച്ചകളുടെയും പ്രധാന കേന്ദ്രമായി ഖത്തറിനെ ഉയർത്തിക്കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള വിദേശനയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഗൾഫ് മേഖലയിലാകെ കനത്ത ദുഃഖമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Story Summary: India has declared one day of official mourning on Monday following the demise of Qatar’s ‘Father Emir’ Sheikh Hamad bin Khalifa Al Thani at the age of 74. The national flag will fly at half-mast on all government buildings across India, and all official celebrations stand cancelled, as PM Modi condoled the loss of a true friend of India.

