എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ സംഘത്തിന്റെ മാരകമായ ആക്രമണം (Aluva crime news). സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലി കടയുടമയും ഉപഭോക്താവും തമ്മിലുണ്ടായ ചെറിയ തർക്കമാണ് ഒടുവിൽ വൻ അക്രമത്തിൽ കലാശിച്ചത്. ആലുവയിൽ പ്രവർത്തിക്കുന്ന ‘സഫർ’ എന്ന ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ഹോട്ടലിൽ നിന്ന് സിഗരറ്റ് വാങ്ങിയ ഒരാൾ അതിന്റെ ക്വാളിറ്റിയെച്ചൊല്ലി ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഇയാൾ ഫോണിൽ വിളിച്ച് മൂന്ന് ഗുണ്ടകളെ സംഭവസ്ഥലത്തേക്ക് വരുത്തി. തുടർന്ന് ആഡംബര കാറിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിലേക്ക് ഇരച്ചുകയറി ഉടമയെയും ജീവനക്കാരെയും ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ചെന്ന നാട്ടുകാർക്ക് നേരെയും സംഘം ഭീഷണി മുഴക്കി.
ആക്രമണത്തിൽ ഹോട്ടലിലെ ഫർണിച്ചറുകളും മറ്റ് സാധനസാമഗ്രികളും തല്ലിത്തകർത്തു. കടയ്ക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ കാറിൽ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഉടൻ തന്നെ വലയിലാക്കുമെന്ന് പോലീസ് അറിയിച്ചു.
Story Summary:
A gang attacked ‘Safar’ hotel in Aluva, Ernakulam, following a dispute over the quality of a cigarette. After an initial argument, the customer called a three-member gang who arrived in a car and brutally assaulted the hotel owner and staff, causing heavy damage to the property.

