മുംബൈ: അന്തരിച്ച കുപ്രസിദ്ധ അധോലോക നായകൻ ബാബ ഫർസാന്റെ ആഡംബര ബംഗ്ലാവിൽ മുംബൈ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപയും സ്വർണവും വൻ മാരകായുധ ശേഖരവും പിടിച്ചെടുത്തു (Baba farzan raid). ബാബ ഫർസാൻ അന്തരിച്ച് ആറുമാസത്തിന് ശേഷമാണ് ഇയാളുടെ താവളത്തിൽ പോലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത കോടികളുടെ പണവും നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങളും കണ്ടെത്തുകയായിരുന്നു.
റെയ്ഡ് നടക്കുമ്പോൾ ബാബ ഫർസാന്റെ രണ്ടാം ഭാര്യ ഷീലാ ഗണപത്റാവു സാൽവെ മാത്രമാണ് ബംഗ്ലാവിലുണ്ടായിരുന്നത്. വീടിനുള്ളിൽ അതീവ രഹസ്യമായി നിർമ്മിച്ച അറകളിൽ നിന്നും വിവിധ മുറികളിൽ നിന്നുമാണ് പണം കണ്ടെടുത്തത്. 100, 200, 50, 20, 10 രൂപകളുടെ ചെറുനോട്ടുകളുടെ വൻ ശേഖരമായിട്ടാണ് പണം ചാക്കുകളിലും പെട്ടികളിലുമായി ഒളിപ്പിച്ചിരുന്നത്. പണം എണ്ണിത്തിട്ടപ്പെടുത്താൻ മാത്രം ഉദ്യോഗസ്ഥർക്ക് അഞ്ച് നോട്ടെണ്ണൽ യന്ത്രങ്ങൾ പുറത്തുനിന്ന് എത്തിക്കേണ്ടി വന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ 5.26 കോടി രൂപയാണ് ഇവിടെനിന്ന് മാത്രം പിടിച്ചെടുത്തത്.
പണത്തിന് പുറമെ വലിയൊരു ആയുധശേഖരവും ബംഗ്ലാവിൽ നിന്ന് കണ്ടെടുത്തു. രണ്ട് പിസ്റ്റളുകൾ, നാല് റൈഫിളുകൾ, രണ്ട് എയർ ഗണ്ണുകൾ, ഒരു വാൾ, മൂന്ന് കഠാരകൾ, നിരോധിത കത്തികൾ തുടങ്ങിയവയാണ് പോലീസ് പിടിച്ചെടുത്തത്. ഇതിനുപുറമെ 21.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും എട്ട് ലക്ഷത്തിലധികം രൂപയുടെ വെള്ളിയും വിദേശ കമ്പനികളുടെ 45 കുപ്പി പ്രീമിയം മദ്യവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ ചിലതിന് ബാബ ഫർസാന്റെ പേരിൽ ലൈസൻസ് രേഖകൾ ഉണ്ടെങ്കിലും, പിസ്റ്റളുകൾക്ക് യാതൊരുവിധ നിയമപരമായ രേഖകളും കണ്ടെത്താനായിട്ടില്ലെന്ന് മുംബൈ പോലീസ് അറിയിച്ചു. സംഭവത്തിൽ ഷീലാ ഗണപത്റാവുവിനെ ചോദ്യം ചെയ്തുവരികയാണ്.
Story Summary: Six months after the death of underworld don Baba Farzan, Mumbai Police raided his luxury bungalow and seized ₹5.26 crore in cash from secret compartments. A massive cache of weapons including rifles and unlicensed pistols, along with gold worth ₹21.3 lakh and foreign liquor, were recovered while his second wife was present.

