ടെഹ്‌റാൻ: നാല് പതിറ്റാണ്ടോളം ഉരുക്കുമുഷ്ടിയോടെ ഇറാൻ ഭരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രകൾക്ക് പിന്നാലെ ഇറാനിൽ വീണ്ടും യു.എസ് മിസൈലാക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് യു.എസ് ബോംബാക്രമണം നടത്തിയത്. ഒൻപത് മാസത്തിനിടെ രണ്ട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ടെഹ്‌റാനിലെ ജനങ്ങൾ ഭീതിയോടെയല്ല, മറിച്ച് കടുത്ത നിരാശയോടെയും അമർഷത്തോടെയുമാണ് ഈ പുതിയ ആക്രമണ വാർത്തയോട് പ്രതികരിച്ചത്.(US airstrikes hit Iran during Ali Khamenei funeral as millions vow revenge against Trump)
അതേസമയം, ഖമേനിയുടെ വിലാപയാത്രകളിൽ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. 10 ദശലക്ഷത്തിലധികം ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തതായി ഇറാൻ സർക്കാർ അവകാശപ്പെട്ടു. ടെഹ്‌റാനിലെ 20 കിലോമീറ്റർ നീളമുള്ള പ്രൊസഷൻ പാത കറുത്ത വസ്ത്രം ധരിച്ച വിശ്വാസികളുടെ കടലായി മാറി. രാജ്യത്ത് ഭരണമാറ്റം ആഗ്രഹിക്കുന്ന വിദേശശക്തികൾക്കുള്ള ശക്തമായ മറുപടിയായിരുന്നു ഈ ജനക്കൂട്ടമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന മുദ്രാവാക്യങ്ങളുമായാണ് ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങിയത്. ട്രംപിന്റെ ചിത്രം വരച്ച ബാനറുകളിൽ ജനങ്ങൾ ചവിട്ടുകയും ‘അമേരിക്കയ്ക്ക് നാശം’ എന്ന് ആക്രോശിക്കുകയും ചെയ്തു. “ഞങ്ങളുടെ നേതാവിന്റെ രക്തത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും, ട്രംപിനെ വധിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല,” വിലാപയാത്രയ്ക്കെത്തിയവർ പ്രതികരിച്ചു.
അമേരിക്കയോടുള്ള കടുത്ത വിദ്വേഷം നിലനിൽക്കുമ്പോൾ തന്നെ, ഇറാൻ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയും ജനങ്ങൾക്കിടയിൽ പരസ്യമായ അതൃപ്തി പുകയുന്നുണ്ട്. അമേരിക്കയുമായി ചർച്ചയ്ക്ക് പോയതാണ് നേതാവിന്റെ വധത്തിലേക്ക് നയിച്ചതെന്നും, പ്രതിരോധ സേനയുടെ ആത്മവീര്യം കെടുത്തുന്നതാണ് നയതന്ത്ര ചർച്ചകളെന്നും ഒരു വിഭാഗം ജനങ്ങൾ ആരോപിക്കുന്നു. ടെഹ്‌റാനിലെ മോസല്ല പള്ളിയുടെ ചുവരുകളിൽ ‘സാത്താനുമായി ചർച്ചയില്ല’ എന്ന മുദ്രാവാക്യങ്ങൾ ജനങ്ങൾ ചോക്കുകൊണ്ട് എഴുതിവെച്ചിരുന്നു. വിലാപയാത്രയിൽ പങ്കെടുത്ത വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിക്കെതിരെ കല്ലേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്. തൊഴിലില്ലായ്മയും 40 ശതമാനത്തിലധികം ഉയർന്ന പണപ്പെരുപ്പവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാൻ ജനത.
Story Summary
Amid the massive funeral processions for late Supreme Leader Ali Khamenei in Tehran, the US launched fresh retaliatory airstrikes across Iran. Millions of mourners filled the streets chanting anti-US slogans and vowing revenge against Donald Trump, while internal public frustration grew over the government’s failed diplomatic negotiations with Washington.


