ഇന്ത്യയിൽ പുതുതായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങുന്നവരിൽ പകുതിയും യുവാക്കളാണെന്ന് വ്യക്തമാക്കി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ട്രാൻസ്‌യൂണിയൻ സിബിലിന്റെ (TransUnion CIBIL Report 2026) ഏറ്റവും പുതിയ പഠന റിപ്പോർട്ട്. ‘ബിയോണ്ട് ദി സ്വൈപ്പ് 2026’ (Beyond the Swipe 2026) എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, മെട്രോ നഗരങ്ങളെ അപേക്ഷിച്ച് രാജ്യത്തെ അർദ്ധ-നഗര, ഗ്രാമീണ മേഖലകളിലേക്കും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം ഇപ്പോൾ വൻതോതിൽ വ്യാപിച്ചിട്ടുണ്ട്.
2026-ൽ രാജ്യത്തെ ആകെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 5.2 കോടി കടന്നു. 2016-നെ അപേക്ഷിച്ച് ഇത് 3.6 ഇരട്ടിയിലധികം വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം കഴിഞ്ഞ പത്ത് വർഷത്തിനിടെ (2016-2026) രാജ്യത്തെ ക്രെഡിറ്റ് കാർഡ് കുടിശ്ശിക 8.3 ഇരട്ടി വർധിച്ച് 3.1 ലക്ഷം കോടി രൂപയെന്ന വൻ തുകയായി ഉയർന്നു. 2026 മാർച്ച് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം പുതിയ ക്രെഡിറ്റ് കാർഡ് എടുത്തവരിൽ 50 ശതമാനം പേരും 30 വയസ്സോ അതിൽ താഴെയോ പ്രായമുള്ള യുവാക്കളാണ്. 2022 മാർച്ചിൽ ഇത് 43 ശതമാനമായിരുന്നു. പുതിയ ഉപഭോക്താക്കളിൽ 46 ശതമാനം പേരും അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ് (2022-ൽ ഇത് 42% ആയിരുന്നു). നിലവിൽ രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപഭോഗം 25 ശതമാനമാണ്. യുകെ (70%), കൊളംബിയ (62%), ഹോങ്കോംഗ് (98%) തുടങ്ങിയ ആഗോള വിപണികളെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും, ഇന്ത്യയിൽ ഇനിയും വലിയ വളർച്ചയ്ക്കുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
മാറുന്ന വായ്പാ ശീലങ്ങളും അക്കൗണ്ടുകളും
കഴിഞ്ഞ പത്ത് വർഷത്തിനിടെ കാർഡുടമകളുടെ എണ്ണം 1.4 കോടിയിൽ നിന്ന് ഉയർന്ന് 5.2 കോടിയായി മാറിയപ്പോൾ, രാജ്യത്ത് നിലവിൽ സജീവമായ (Active) ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 2.1 കോടിയിൽ നിന്ന് 5 ഇരട്ടി വളർന്ന് 10.7 കോടിയായി കുതിച്ചുയർന്നു. ഒരു ശരാശരി ഇന്ത്യൻ ഉപഭോക്താവിന്റെ കാർഡ് ബാലൻസ് 31,000 രൂപയിൽ നിന്നും 65,000 രൂപയായി ഉയർന്നിട്ടുണ്ട്. വായ്പകളുടെ കാര്യത്തിലും ഉപഭോക്താക്കളുടെ ശീലങ്ങളിൽ വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ക്രെഡിറ്റ് കാർഡ് മാത്രം സാമ്പത്തിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരുടെ എണ്ണം 2016-ലെ 50 ശതമാനത്തിൽ നിന്നും 2026-ൽ 33 ശതമാനമായി കുറഞ്ഞു. പകരം കാർഡിനൊപ്പം മറ്റ് വായ്പകളും ഉപയോഗിക്കുന്നവർ 16 ശതമാനത്തിൽ നിന്നും 32 ശതമാനമായി വർദ്ധിച്ചു. മൂന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ കൈവശം വെക്കുന്നവർ 12 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർന്നു.
പുതുതലമുറയുടെ (Gen Z) വായ്പാ രീതികളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ വ്യത്യാസമുണ്ട്. മുമ്പ് യുവാക്കൾ ആദ്യമായി ആശ്രയിക്കുന്ന വായ്പാ സൗകര്യം ക്രെഡിറ്റ് കാർഡുകളായിരുന്നുവെങ്കിൽ ഇന്നത് മാറിയിട്ടുണ്ട്. 2024-ൽ ആദ്യമായി കാർഡ് എടുക്കുന്ന പുതിയ തലമുറ ഉപഭോക്താക്കളിൽ 31 ശതമാനം പേർക്കും അതിന് മുൻപ് തന്നെ രണ്ടോ അതിലധികമോ മറ്റ് വായ്പാ അക്കൗണ്ടുകൾ (Personal/Consumer Loans) ഉണ്ടായിരുന്നു. ആദ്യത്തെ കാർഡ് എടുത്തതിന് ശേഷം 12 മാസത്തിനുള്ളിൽ മറ്റൊരു ക്രെഡിറ്റ് പ്രൊഡക്റ്റ് കൂടി ഉപയോഗിക്കാൻ തുടങ്ങിയവർ പുതിയ തലമുറയിൽ 69 ശതമാനമാണ്. എന്നാൽ 2018-ലെ മില്ലേനിയൽ (Millennials) വിഭാഗത്തിൽ ഇത് വെറും 55 ശതമാനം മാത്രമായിരുന്നു.
ആദ്യത്തെ 3 മാസത്തിനുള്ളിൽ തന്നെ 25,000 രൂപയ്ക്ക് മുകളിൽ കാർഡ് ബാലൻസ് ഉപയോഗിക്കുന്നവർ പുതിയ തലമുറ ഉപഭോക്താക്കളിൽ 28 ശതമാനമാണ് (2018-ൽ ഇത് 20% ആയിരുന്നു). ചെറുകിട വ്യക്തിഗത വായ്പകൾ, കൺസ്യൂമർ ഡ്യൂറബിൾ ലോണുകൾ തുടങ്ങിയ മറ്റ് വായ്പകൾക്കൊപ്പമാണ് പലരും ഇന്ന് ക്രെഡിറ്റ് കാർഡുകൾ സ്മാർട്ടായി ഉപയോഗിക്കുന്നതെന്നും രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയുടെ വളർച്ച കൂടുതൽ വിപുലവും സജീവവുമായ ഒരു ഉപഭോക്തൃ സമൂഹത്തെയാണ് കാണിക്കുന്നതെന്നും ട്രാൻസ്‌യൂണിയൻ സിബിൽ എംഡി & സിഇഒ ഭവേഷ് ജെയിൻ വ്യക്തമാക്കി.
Story Summary:
According to TransUnion CIBIL’s latest report titled ‘Beyond the Swipe 2026’, young individuals aged 30 and below account for half of the new credit card users in India. The study reveals that credit card penetration has expanded deeply into semi-urban and rural areas, which constitute 46% of new users. India’s active credit card base grew 5 times to 10.7 crores between 2016 and 2026, with outstanding balances hitting ₹3.1 lakh crores. Bhavesh Jain, MD & CEO of TransUnion CIBIL, noted that Gen-Z consumers are increasingly blending credit cards with small personal or consumer durable loans, showcasing a more dynamic, multi-credit consumption behavior.

