ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ലഭിച്ച കാണിക്കകളിലും സംഭാവനകളിലും വൻ ക്രമക്കേടും മോഷണവും നടന്നു എന്നാരോപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളി. ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് മഞ്ജീവ് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജൂലൈ 6-ന് ഹർജി നിരസിച്ചത്. ഇതേ വിഷയത്തിൽ സമാനമായ മറ്റൊരു ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാൽ ഈ ഹർജി ഇവിടെ കേൾക്കേണ്ടതില്ലെന്ന സർക്കാർ അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.(Ayodhya Ram Temple Donation Theft Case Allahabad High Court Rejects CBI Probe PIL As SIT Investigation Widens)
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്ന് പണവും സ്വർണ്ണവും മോഷ്ടിക്കപ്പെടുന്നുണ്ടെന്നും ഇതിൽ സി.എ.ജി ഓഡിറ്റിങ് നടത്തണമെന്നും ആവശ്യപ്പെട്ട് മോഹിത് അശോക് എന്നയാളാണ് ഹർജി നൽകിയത്. ഒരു എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കാണിക്ക മോഷണക്കേസിൽ അന്വേഷണം അതിവേഗം വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച അയോധ്യ സന്ദർശിച്ച അന്വേഷണ സംഘം ട്രസ്റ്റ് ഭാരവാഹികളായ ഗോപാൽ റാവു, അനിൽ മിശ്ര എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. നിലവിൽ ജയിലിൽ കഴിയുന്ന എട്ട് പ്രതികളിൽ അഞ്ച് പേരെ ജയിലിനുള്ളിൽ വെച്ച് ചോദ്യം ചെയ്യാൻ അയോധ്യ പോലീസിന് കോടതി അനുമതി നൽകിയിട്ടുണ്ട്. അനുൽപ് മിശ്ര, ലവ്കുഷ് മിശ്ര, റാം ശങ്കർ യാദവ്, കരുണേഷ് പാണ്ഡെ, മനീഷ് യാദവ് എന്നിവരെയാണ് ജയിലിൽ ചോദ്യം ചെയ്യുക.
രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ അക്കൗണ്ടുകൾ വീണ്ടും ഓഡിറ്റ് ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ചെലവുകൾ, സംഭാവനയായി ലഭിച്ച സ്വർണ്ണം, വെള്ളി ആഭരണങ്ങൾ എന്നിവയെല്ലാം ഈ പുനഃപരിശോധനയുടെ പരിധിയിൽ വരും. കേസിന്റെ അന്വേഷണത്തിനിടയിൽ പ്രതികളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും വിദേശ കറൻസിയും പോലീസ് കണ്ടെടുത്തു. ശുക്ലയിൽ നിന്ന് 20.39 ലക്ഷം രൂപയും, കരുണേഷ് പാണ്ഡെയിൽ നിന്ന് 18.07 ലക്ഷം രൂപയും, അനുൽപ് മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപയും ഉൾപ്പെടെ വലിയ തുകയാണ് കണ്ടെടുത്തത്. ഇതിനുപുറമെ 11 ഗ്രാം സ്വർണ്ണവും, 375 ഗ്രാം വെള്ളിയും, 1,121 യു.എസ് ഡോളറും (USD) പ്രതികളിൽ നിന്ന് പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
Story Summary
The Lucknow Bench of the Allahabad High Court dismissed a PIL seeking a CBI probe and CAG audit into alleged donation irregularities at the Ayodhya Ram Temple, citing a similar pending petition in the Supreme Court. Meanwhile, the Yogi Adityanath-formed SIT is intensifying its probe, questioning trust officials and securing permission to interrogate jail-lodged accused, alongside plans to re-audit the trust’s accounts for the past five years following hefty cash and gold recoveries.

