കളമശേരി: എറണാകുളം കളമശേരി എച്ച്.എം.ടി കോളനിയിലെ സോഫാ നിർമ്മാണ യൂണിറ്റായ ‘ഹോം ഡിസൈനിൽ’ വൻ തീപിടിത്തം (Kalamassery fire today). ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്ഥാപനത്തിന്റെ ഗോഡൗൺ പൂർണ്ണമായും അഗ്നിക്കിരയായി.
തീപിടിക്കുമ്പോൾ തൊഴിലാളികൾ ആരും ഗോഡൗണിനുള്ളിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഗോഡൗണിന് തൊട്ടടുത്തുള്ള വീട്ടിലേക്കും തീ പടർന്നു പിടിച്ചു. വീട്ടിലെ സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.
അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാസവസ്തുക്കളും പഞ്ഞിയും ഉൾപ്പെടെയുള്ള സാധനങ്ങൾ ഗോഡൗണിൽ ഉണ്ടായിരുന്നത് തീ വേഗത്തിൽ പടരാൻ കാരണമായി.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ.

