മുംബൈ: മൊബൈൽ ഫോണിൽ സംസാരിച്ച് റോഡിലൂടെ നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ തുറന്നുകിടന്ന മാൻഹോളിലേക്ക് (Mumbai Manhole Death Khairani Road) വീണ് 55-കാരന് ദാരുണാന്ത്യം. മുംബൈയിലെ തിരക്കേറിയ ഖൈറാനി റോഡിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ ദാരുണ അപകടം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. അസ്‌ലം ഇസാഫ് ഷെയ്ഖ് എന്നയാളാണ് മാൻഹോളിലെ കനത്ത ചെളിയിലും മലിനജലത്തിലും ശ്വാസംമുട്ടി മരിച്ചത്.
റോഡിലെ ഡ്രെയിനേജ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് മാൻഹോളിന്റെ വലിയ മൂടി പൂർണ്ണമായും തുറന്ന നിലയിലായിരുന്നു. ഈ സമയം ഫോണിൽ കടുത്ത ശ്രദ്ധ നൽകി ഇതുവഴി നടന്നുപോവുകയായിരുന്ന അസ്‌ലം ഇസാഫ്, മാൻഹോൾ തുറന്നിരിക്കുന്നത് കാണാതെ അബദ്ധത്തിൽ അതിലേക്ക് താഴേക്ക് പതിക്കുകയായിരുന്നു. ഇയാൾ വീഴുന്നത് കണ്ടയുടൻ തന്നെ അവിടെ ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾ വലിയ ഏണിവെച്ച് മാൻഹോളിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കും ചെളിയും കാരണം അസ്‌ലമിനെ കണ്ടെത്താനായില്ല.
തുടർന്ന് വിവരമറിഞ്ഞ് മുംബൈ ഫയർ ബ്രിഗേഡും (Mumbai Fire Brigade) ലോക്കൽ പോലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. രണ്ട് മണിക്കൂറോളം നീണ്ട അതീവ സങ്കീർണ്ണമായ സംയുക്ത തെരച്ചിിലിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ അസ്‌ലമിനെ മാൻഹോളിൽ നിന്ന് പുറത്തെടുത്തത്. ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ അതിനോടകം തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നഗരസഭയുടെയും കരാറുകാരുടെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. സംഭവത്തിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Story Summary:
A 55-year-old man, Aslam Isaf Shaikh, tragically died after falling into an open manhole while talking on his phone on Khairani Road in Mumbai. The manhole was left open for maintenance work. Despite immediate rescue attempts by workers and a two-hour joint operation by the Mumbai Fire Brigade and Police, he could not be saved and was declared dead at the hospital.

