ഭോപ്പാൽ/കൊച്ചി: രാജ്യവ്യാപകമായി ശ്രദ്ധനേടിയ കൊച്ചി കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന ഭർത്താവ് ഫർമാന് കനത്ത തിരിച്ചടി (Kumbhamela Viral Girl). ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി മധ്യപ്രദേശിലെ മഹേശ്വർ പ്രത്യേക പോക്സോ (POCSO) കോടതി തള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.
അതേസമയം, നിലവിൽ കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും തങ്ങൾക്ക് മധ്യപ്രദേശ് പോലീസിൽ നിന്നും ഭീഷണിയുണ്ടെന്നും കേരള പോലീസ് നൽകുന്ന സംരക്ഷണം നീട്ടണമെന്നും ആവശ്യപ്പെട്ട് ഇന്ന് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ മധ്യപ്രദേശ് പ്രത്യേക കോടതി തങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയെന്ന നിർണ്ണായക വിവരം ഇവർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിൽ മനപ്പൂർവ്വം മറച്ചുവെച്ചതായാണ് സൂചന.
നേരത്തെ, ഫർമാന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ട കേരള ഹൈക്കോടതി, കൃത്യമായ നിയമനടപടികൾക്കായി മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ ഇയാൾക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫർമാൻ മധ്യപ്രദേശിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവിടുത്തെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ജാമ്യഹർജി തള്ളപ്പെട്ട സാഹചര്യത്തിൽ ഫർമാനെ അറസ്റ്റ് ചെയ്യാൻ മധ്യപ്രദേശ് പോലീസ് സംഘം ഉടൻ തന്നെ കൊച്ചിയിലെത്തിയേക്കും. പ്രതികളുടെ സംരക്ഷണ ഹർജി നാളെ കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
Story Summary: The Special POCSO Court in Maheshwar, Madhya Pradesh, rejected the anticipatory bail plea of Farman, who married a minor girl who went viral during the Kochi Kumbhamela. Meanwhile, the couple approached the Kerala High Court seeking an extension of police protection, without disclosing the rejection of the bail plea.

