തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ രൂക്ഷമായ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു (Minister K Muraleedharan Kerala). അതേസമയം, രോഗികൾക്ക് നൽകുന്ന ചികിത്സയിൽ ചെറിയൊരു പിഴവുപോലും ഉണ്ടാകാതിരിക്കാനുള്ള അതീവ ജാഗ്രത ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിലെ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി സർക്കാരിന്റെ നയം വ്യക്തമാക്കിയത്. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഔദ്യോഗിക ഓഫീസിലായിരുന്നു വിവിധ സംഘടനകളുമായി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തിയത്.
പെട്ടെന്ന് നിശ്ചയിക്കുന്ന ട്രെയിനിംഗുകൾ കാരണം ഡോക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൃത്യമായ ‘ട്രെയിനിംഗ് കലണ്ടർ’ മുൻകൂട്ടി തയ്യാറാക്കി കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. തയ്യാറെടുപ്പില്ലാതെ ട്രെയിനിംഗ് നിശ്ചയിക്കുന്നതും വിവിധ ജില്ലകളിൽ നിന്ന് ഡോക്ടർമാർ പുറപ്പെട്ട ശേഷം അത് പെട്ടെന്ന് റദ്ദാക്കുന്നതും ഒഴിവാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
വിവിധ ഡോക്ടർമാരുടെ സംഘടനകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും അതിന്മേലുള്ള മന്ത്രിയുടെ മറുപടിയും താഴെ നൽകുന്നു:
-
കെ.ജി.എം.ഒ.എ (KGMOA): ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലെ ചികിത്സകൾക്ക് ഏകീകൃത സ്വഭാവമുണ്ടാകാൻ ആശുപത്രികളെ ‘സ്റ്റാന്റഡൈസ്’ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തിരക്കുള്ള അത്യാഹിത വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കണമെന്ന ആവശ്യവും താഴേത്തട്ടിൽ കൂടുതൽ സൈക്യാട്രിസ്റ്റുകളെയും ഫോറൻസിക് സർജൻമാരെയും നിയമിക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
-
കെ.ജി.എസ്.ഡി.എ (KGSDA): ആശുപത്രികളിലെ മുതിർന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൂപ്രണ്ടുമാരാക്കണമെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കായി പ്രത്യേക ഡയറക്ടർ തസ്തിക വേണമെന്നും ആവശ്യപ്പെട്ടു.
-
കെ.ജി.എം.സി.ടി.എ (KGMCTA): മെഡിക്കൽ കോളേജ് ഡോക്ടർമാരോട് മുൻ സർക്കാർ സ്വീകരിച്ച നടപടികളും ശമ്പള കുടിശികയ്ക്ക് വേണ്ടി നടത്തിയ സമരങ്ങളും വിശദീകരിച്ചു. ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കാൻ പ്രത്യേക സംവിധാനം വേണമെന്നും മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്വയംഭരണാവകാശം നൽകുന്ന കാര്യം പരിശോധിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിന്യാസത്തിന് ഉൾപ്പെടെ ന്യായമായ എല്ലാ തീരുമാനങ്ങൾക്കും സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആയുർവേദ, ഹോമിയോ വികസനം: ആയുർവേദ മേഖലയുടെ ഉന്നമനത്തിനായി 2016-ൽ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ‘ആയുഷ് ഹെൽത്ത് പോളിസി’ നടപ്പാക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആയുർവേദ രംഗത്ത് ഗവേഷണങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹോമിയോപ്പതി മേഖലയിൽ പുതിയ നഴ്സിംഗ് കോഴ്സ് വേണമെന്ന ആവശ്യത്തോട് മന്ത്രി പൂർണ്ണമായി യോജിച്ചു. ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ചികിത്സയ്ക്ക് കൂടി ‘കാരുണ്യ’ ഉൾപ്പെടെയുള്ള സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഖിലകേരള ആയുർവേദ കോളേജ് അധ്യാപക സംഘടന, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, കേരള ഗവ. നഴ്സസ് യൂണിയൻ ഭാരവാഹികളുമായും മന്ത്രി വിശദമായ ചർച്ചകൾ നടത്തി.
Story Summary: Health Minister K. Muraleedharan held discussions with various government doctors’ and nurses’ associations at the Secretariat. The Minister assured that staff shortages from PHCs to Medical Colleges will be resolved, medical colleges will be considered for autonomy, and a structured training calendar will be implemented. He also added that homoeopathy nursing courses and Karunya insurance benefits for Ayurveda and Homeo treatments are under consideration.

