അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ സൈനിക സംഘർഷം വീണ്ടും രൂക്ഷമായി. പാകിസ്ഥാന്റെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളിൽ തങ്ങൾ വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അവകാശപ്പെട്ടു (Pakistan Afghanistan Border Conflict). ഐഎസ്ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇതിൽ ഭീകരർക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, അഫ്ഗാൻ അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ അതിർത്തിയിലേക്ക് പ്രവേശിച്ച നാല് ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവേശിച്ച ഡ്രോണുകളെ ഉടൻ തന്നെ കണ്ടെത്തി നശിപ്പിക്കുകയായിരുന്നുവെന്നും പാക് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രകോപനപരമായ നടപടികൾ തുടർന്നാൽ അഫ്ഗാൻ ഭരണകൂടത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടതെങ്കിലും, സ്ത്രീകളും കുട്ടികളുമടക്കം 28 ഓളം സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വീണ്ടും വഷളായിരിക്കുന്നത്. ഭീകരർക്ക് അഫ്ഗാൻ താവളം ഒരുക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപിക്കുമ്പോൾ, തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അഫ്ഗാൻ സർക്കാർ ആരോപിക്കുന്നു.
Summary: Military tensions between Pakistan and Afghanistan have escalated significantly following cross-border strikes. The Taliban government reported air strikes on alleged ISIS hideouts in Pakistan’s Balochistan and Khyber Pakhtunkhwa provinces, while Pakistan’s military confirmed intercepting and neutralizing four rudimentary drones launched from Afghanistan. This exchange follows a deadly Pakistani air attack on Afghan border provinces earlier in the week, which reportedly caused significant civilian casualties.

