തൃശൂർ: നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് (Thrissur Lodge Death). സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറും, മരിച്ച എടമുട്ടം സ്വദേശിനി ജ്യോതിയും(32) ഏറെനാളായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവർ മുൻപും പലപ്പോഴായി ഈ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ജീവനക്കാരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, രണ്ടു വർഷം മുൻപ് ഇതേ ഓട്ടോഡ്രൈവർക്കെതിരെ ജ്യോതി പോലീസിൽ പീഡനപരാതി നൽകിയിരുന്നു എന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ജൂൺ 27-നാണ് ജ്യോതിയും ഓട്ടോഡ്രൈവറും ചേർന്ന് തൃശൂരിലെ ഈ ലോഡ്ജിലെ ഒന്നാം നിലയിലുള്ള 108-ാം നമ്പർ മുറിയെടുത്തത്. ദിവസങ്ങൾക്ക് മുൻപ് യുവതിയെ ഇവിടെയാക്കിയ ശേഷം ഓട്ടോഡ്രൈവർ മടങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞദിവസം ജ്യോതിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഇയാൾ വീണ്ടും ലോഡ്ജിലെത്തുകയായിരുന്നു. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായതിനെ തുടർന്ന് ഇയാൾ ലോഡ്ജ് ജീവനക്കാരെയും തുടർന്ന് ഈസ്റ്റ് പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. അവരെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് പ്രസവത്തിനിടെ കട്ടിലിൽ രക്തം വാർന്ന് മരിച്ച നിലയിൽ യുവതിയെയും നവജാത ശിശുവിനെയും കണ്ടെത്തിയത്.
യുവതി ഗർഭിണിയാണെന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ലോഡ്ജ് ജീവനക്കാർ പോലീസിനോട് പറഞ്ഞിട്ടുള്ളത്. വിവാഹമോചിതയായ ജ്യോതിയും ഓട്ടോഡ്രൈവറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മരണത്തിന് പിന്നിലെ ദുരൂഹതകളെക്കുറിച്ചും അന്വേഷിക്കാൻ ഇരുപതുപേരുടെയും വീട്ടുകാരെ വിശദമായി ചോദ്യംചെയ്യുമെന്ന് പോലീസ് അറിയിച്ചു.
തൃശൂർ സിറ്റി എസിപി എം. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ലോഡ്ജിൽ ഇൻക്വസ്റ്റ് നടപടികളും പ്രാഥമിക പരിശോധനകളും പൂർത്തിയാക്കിയത്. സയന്റിഫിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഓട്ടോഡ്രൈവറെ പോലീസ് രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തു വരികയാണ്.
Story Summary:
More details have emerged regarding the tragic death of a 32-year-old woman, Jyothi, and her newborn baby at a lodge in Thrissur. An auto-driver from Pavaratty, who was detained by the East Police, was reportedly in a relationship with the victim, despite her filing a sexual assault complaint against him two years ago.

