ബെംഗളൂരു: ഹോം സ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മതം മാറ്റാൻ നിർബന്ധിച്ചെന്ന ആരോപണവുമായി കുടുംബം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണ് (26) മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി സഞ്ജീത് അലിയെ (25) ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. സഞ്ജീത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. (Sai Surabhi Death Case)
യുവതിയുടെ അമ്മയുടെ പരാതി പ്രകാരം, സഞ്ജീത് അലി സായ് സുരഭിയെ ഭീഷണിപ്പെടുത്തുകയും ലഹരിയും മദ്യവും നൽകി മതം മാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായാണ് വിവരം. കോളേജ് പഠനകാലത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെങ്കിലും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സുരഭി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് സഞ്ജീതിനൊപ്പം സായ് സുരഭി ഹോം സ്റ്റേയിൽ എത്തിയത്. തിങ്കളാഴ്ച വരെ ഇരുവരും മുറിക്ക് പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു മൃതദേഹം. ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സഞ്ജീത് അലി നിലവിൽ അപകടനില തരണം ചെയ്തതായും, ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ തന്നെ ഇയാളെ ചോദ്യം ചെയ്യുമെന്നും കേസന്വേഷിക്കുന്ന ചിക്കബെല്ലാപുര എസ്.പി. കുശാൽ ചൗകസി അറിയിച്ചു.
Summary: The death of 26-year-old Sai Surabhi in a Bengaluru homestay has sparked allegations of forced religious conversion by her companion, 25-year-old Sanjeeth Ali from Kozhikode. The victim’s mother filed a complaint alleging that Ali had been threatening and forcing her daughter to convert. Ali, who attempted suicide at the scene, is currently recovering in the hospital and will be interrogated once his condition stabilizes.

