ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റിനെ ക്ഷണിച്ചത് (Iran President BRICS Invite). പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളെക്കുറിച്ച് പെസഷ്കിയാൻ പ്രധാനമന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചിരുന്നു. സമാധാനം നിലനിർത്തുന്നതിനും മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി മോദി നടത്തുന്ന വ്യക്തിപരമായ ഇടപെടലുകളെയും നയതന്ത്ര ശ്രമങ്ങളെയും ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന പ്രതീക്ഷയും ഇരുനേതാക്കളും പങ്കുവെച്ചു. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ ഇറാൻ സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും സംഭാഷണത്തിനിടെ പ്രധാനമന്ത്രി ആവർത്തിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അടുത്ത വർഷം ആദ്യം ട്രംപ് ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് റൂബിയോ നൽകിയ സൂചന. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം ഇതാദ്യമായാകും ട്രംപ് ഇന്ത്യയിൽ എത്തുക. വരും മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ ഒപ്പിടുന്നതുൾപ്പെടെയുള്ള നിർണ്ണായക നീക്കങ്ങൾ സജീവമാണെന്നും അദ്ദേഹം അറിയിച്ചു.
Summary: Prime Minister Narendra Modi has formally invited Iranian President Masoud Pezeshkian to the upcoming BRICS Leaders’ Summit to be hosted by India. During a telephone conversation, Modi reiterated India’s commitment to dialogue and diplomacy to resolve West Asian tensions, while emphasizing the importance of freedom of navigation in the Strait of Hormuz. Meanwhile, US Secretary of State Marco Rubio indicated that President Donald Trump’s visit to India is now being planned for early next year, following ongoing bilateral efforts to finalize a comprehensive trade agreement.

