ജയ്പൂർ: രാജസ്ഥാനിലെ ഭീൽവാരയിൽ വിചിത്രമായ രീതിയിൽ വേഷംമാറിയെത്തി മൊബൈൽ ഷോപ്പിൽ കവർച്ച നടത്തി കള്ളൻ (PM Modi Mask Thief). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി (മാസ്ക്) ധരിച്ചെത്തിയ മോഷ്ടാവ് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 40 സ്മാർട്ട്ഫോണുകളാണ് കവർന്നത്. ഭീൽവാരയിലെ കരേഡാ മേഖലയിലുള്ള ഒരു പ്രമുഖ മൊബൈൽ കടയിലാണ് നാടകീയമായ ഈ മോഷണം നടന്നത്.
കടയുടെ മുകൾനിലയിലെ ഗോവണിയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. വിവിധ മുൻനിര കമ്പനികളുടെ വിലകൂടിയ ഫോണുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കരേഡാ പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ കടയ്ക്കുള്ളിലെ സിസിടിവി (CCTV) ക്യാമറകളിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞതായി കണ്ടെത്തി.
राजस्थान के भीलवाड़ा में चोर, नरेंद्र मोदी का मुखौटा लगाकर आए और दुकान से 40 मोबाइल चुराकर ले गए !! pic.twitter.com/jZWfdEjWcW
— Sachin Gupta (@Sachingupta) June 30, 2026
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പോലീസും കടയുടമയും ഒരുപോലെ ഞെട്ടിയത്. മോഷ്ടാക്കളിൽ ഒരാൾ തന്റെ അടയാളം മറച്ചുവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ്ക് ആണ് ധരിച്ചിരുന്നത്. കയ്യിൽ കട്ടറുമായാണ് ഇയാൾ ദൃശ്യങ്ങളിലുള്ളത്. ഇതേ സംഘം അന്ന് രാത്രി തന്നെ സമീപത്തെ മറ്റൊരു മൊബൈൽ കടയുടെയും ഷട്ടർ തകർക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. തിരക്കേറിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഈ വൻ കവർച്ചയിൽ പ്രാദേശിക വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary:
A unique theft was reported from Bhilwara, Rajasthan, where a thief wearing a PM Narendra Modi mask stole 40 smartphones worth Rs 5 lakh from a mobile shop. The dramatic incident was caught on the shop’s CCTV camera, and the police have launched a manhunt for the culprits.

