ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി വാട്സാപ്പ് (WhatsApp) പുതിയ ‘യൂസർനെയിം റിസർവേഷൻ’ (Username Reservation) ഫീച്ചർ അവതരിപ്പിച്ചതിന് പിന്നാലെ ഇന്റർനെറ്റിൽ കടുത്ത ആശങ്ക (WhatsApp username reservation feature 2026). ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ പുതിയ അപ്ഡേറ്റ്. എന്നാൽ, ഈ ഫീച്ചർ നിലവിൽ വരുന്നതോടെ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ആളുകളെ പറ്റിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ (Online Scams) വൻതോതിൽ വർദ്ധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
നിലവിൽ വാട്സാപ്പിൽ ഒരാളുമായി കണക്റ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ നിർബന്ധമാണ്. ഇത് വലിയൊരു പരിധി വരെ തട്ടിപ്പുകാർക്ക് ഒരു തടസ്സമായിരുന്നു. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയിലേത് പോലെ ഫോൺ നമ്പർ വെളിപ്പെടുത്താതെ വെറുമൊരു ‘യൂസർനെയിം’ മാത്രം ഉപയോഗിച്ച് ആർക്കും വാട്സാപ്പ് അക്കൗണ്ട് തുടങ്ങാം. ഇത് പ്രമുഖ വ്യക്തികളുടെയും കമ്പനികളുടെയും പേരിൽ വ്യാജ യൂസർനെയിമുകൾ (Impersonation) സൃഷ്ടിച്ച് തട്ടിപ്പ് നടത്താൻ വ്യാജന്മാർക്ക് എളുപ്പവഴിയൊരുക്കുമെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നത്. ആൾമാറാട്ടവും ഒടിപി (OTP) തട്ടിപ്പുകളും വർദ്ധിക്കാൻ ഇത് കാരണമായേക്കാം.
എന്നാൽ, ഈ ആശങ്കകൾ പരിഹരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ വാട്സാപ്പ് ഒരുക്കുന്നുണ്ട്. യൂസർനെയിമുകൾക്കായി പൊതുവായ സെർച്ച് ഡയറക്ടറിയോ നിർദ്ദേശങ്ങളോ ഉണ്ടാകില്ല. അതായത്, ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാവുന്നവർക്ക് മാത്രമേ അവരെ കോൺടാക്റ്റ് ചെയ്യാൻ സാധിക്കൂ. ഇതിനുപുറമെ, സുരക്ഷ ഇരട്ടിയാക്കാൻ ‘യൂസർനെയിം കീ’ (Username Key) എന്നൊരു പ്രത്യേക ഫീച്ചറും വാട്സാപ്പ് നൽകുന്നുണ്ട്. ഈ കീ ഉള്ളവർക്ക് മാത്രമേ നിങ്ങളുമായി പുതിയ ചാറ്റ് ആരംഭിക്കാൻ സാധിക്കൂ.
നിലവിൽ വാട്സാപ്പ് തങ്ങളുടെ പുതിയ ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. ആഗോളതലത്തിൽ ഇത് പുറത്തിറക്കുന്നതിന് മുൻപായി ഉപഭോക്താക്കൾക്ക് തങ്ങളുടെ തനതായ യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള (Pre-book) അവസരമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിലവിലുള്ള ഔദ്യോഗിക ബിസിനസ്സ് അക്കൗണ്ടുകൾക്ക് അതേ പേര് തന്നെ വാട്സാപ്പിലും റിസർവ് ചെയ്യാം. തട്ടിപ്പുകൾ തടയാൻ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നാണ് സൈബർ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

