ന്യൂഡൽഹി: ടെക് ലോകത്തെ മുൻനിര കമ്പനിയായ ആപ്പിളിന്റെ (iPhone 18 Pro photos dark web leak) ഇന്ത്യയിലെ പ്രധാന നിർമ്മാണ പങ്കാളികളായ ടാറ്റാ ഇലക്ട്രോണിക്സിന്റെ (Tata Electronics) സെർവറുകളിൽ വൻ സൈബർ ആക്രമണം. ആപ്പിൾ ഭാവിയിൽ പുറത്തിറക്കാൻ ഇരിക്കുന്ന ‘ഐഫോൺ 18 പ്രോ’ (iPhone 18 Pro) മോഡലുകളുടെ പരിശോധനാ ചിത്രങ്ങളും, അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ആപ്പിളിന്റെ ആഗോള സപ്ലയർമാരുടെ (Supplier List) വിവരങ്ങളും ചോർന്നതായാണ് റിപ്പോർട്ടുകൾ. ‘വേൾഡ് ലീക്സ്’ (World Leaks) എന്ന റാൻസംവെയർ ഹാക്കർ ഗ്രൂപ്പാണ് ഈ വിവരങ്ങൾ ഡാർക്ക് വെബിൽ (Dark Web) പരസ്യപ്പെടുത്തിയത്.
ഏകദേശം 630 ജിബിയിലധികം (GB) വലിപ്പമുള്ള, രണ്ട് ലക്ഷത്തിലധികം ഔദ്യോഗിക ഫയലുകളാണ് ഹാക്കർമാർ ടാറ്റയുടെ സിസ്റ്റത്തിൽ നിന്നും കവർന്നത്. ആപ്പിളിന് പുറമെ പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ലയുടെ (Tesla) പുതിയ മോഡലുകളുടെ എഞ്ചിനീയറിംഗ് ഡ്രോയിംഗുകളും ഘടകഭാഗങ്ങളുടെ ഡിസൈനുകളും ഇതോടൊപ്പം ചോർന്നിട്ടുണ്ട്. ഐഫോണുകൾക്കായി ചിപ്പുകൾ നിർമ്മിച്ചു നൽകുന്ന ടിഎസ്എംസി (TSMC), ക്വാൽകോം (Qualcomm) എന്നീ കമ്പനികളുടെ പ്രധാന ഫയലുകളും ചോർന്നവയിൽ ഉൾപ്പെടുന്നു.
പുറത്തിറങ്ങാത്ത ഐഫോൺ മോഡലുകളുടെ ഘടകഭാഗങ്ങൾ ആരെല്ലാമാണ് നിർമ്മിച്ചു നൽകുന്നത് എന്ന വിവരങ്ങൾ ആപ്പിൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ പുതിയ ചോർച്ചയിലൂടെ ഐഫോൺ 18 പ്രോയുടെ നൂറുകണക്കിന് പാർട്സുകളുടെ വിവരങ്ങളും അവ നിർമ്മിക്കുന്ന കമ്പനികളുടെ മാപ്പിംഗും പുറത്തായിക്കഴിഞ്ഞു. ഇത് വിപണിയിലെ മറ്റ് എതിരാളികൾക്കും വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്കും വലിയ സഹായമാകുമെന്നതിനാൽ ആപ്പിൾ ഈ സംഭവത്തിൽ കടുത്ത ആശങ്കയിലാണ്.
സംഭവം സ്ഥിരീകരിച്ച ടാറ്റാ ഇലക്ട്രോണിക്സ്, സുരക്ഷാ പ്രോട്ടോക്കോളുകൾ ഉടൻ തന്നെ സജീവമാക്കിയെന്നും നിലവിൽ തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളെ ഇതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ കമ്പനി ഒരു ആഗോള കൺസൾട്ടന്റിനെ നിയമിക്കുകയും ആഭ്യന്തര സിസ്റ്റങ്ങളിലേക്കുള്ള ആക്സസ് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഐടി മന്ത്രാലയത്തെയും തങ്ങളുടെ ഉപഭോക്താക്കളെയും വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ടാറ്റ വ്യക്തമാക്കി. സംഭവത്തിൽ ആപ്പിളും ടെസ്ലയും സ്വന്തം നിലയിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

