റിപ്പോർട്ട് : അൻവർ ഷരീഫ്
കൊണ്ടോട്ടി: വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും പഠന മികവ് ഉയർത്തുന്നതിനുമായി നടപ്പാക്കിയ നവീന പദ്ധതികൾക്ക് അംഗീകാരമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ ‘വിജയഭേരി പെപ്പ് ടോക്ക് പുരസ്കാരം’ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു (EMEA Higher Secondary School). ജില്ലയിലെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വിദഗ്ധരടങ്ങിയ ജൂറി നടത്തിയ വിശദമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി സ്കൂൾ നടപ്പാക്കിയ വിവിധ പദ്ധതികൾ ശ്രദ്ധേയമായതായി ജൂറി വിലയിരുത്തി.
പുസ്തക പ്രകാശനങ്ങൾ, പെപ്പ് ടോക്ക് സംവാദങ്ങൾ, പ്രചോദനാത്മക ക്ലാസുകൾ, ‘നാട്ടുവെളിച്ചം’ പരിപാടി, വിദ്യാഭ്യാസ വീഡിയോ പ്രദർശനങ്ങൾ, ‘വിജ്ഞാന കലണ്ടർ’, ‘ഉയരെ’, ‘ഒപ്പരം’, ‘കൂടെ’ തുടങ്ങിയ പദ്ധതികളാണ് സ്കൂളിന് പുരസ്കാര നേട്ടത്തിലേക്ക് വഴിയൊരുക്കിയത്.
പുരസ്കാര വിതരണം ഒക്ടോബർ 1-ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ബോർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നടക്കും.
അവാർഡ് നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റ് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, മാനേജർ ബാലത്തിൽ ബാപ്പു, പ്രിൻസിപ്പൽ കെ. ശാം, ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്., സ്റ്റാഫ് സെക്രട്ടറി സയ്യിദ് ഉസ്മാൻ, എസ്.ആർ.ജി കോർഡിനേറ്റർ സി.വി. സലീന എന്നിവർ സന്തോഷം രേഖപ്പെടുത്തി.
പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ അധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്ററെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഹാദിയ ഹനീൻ കെ.ടി, റസീൻ കെ എന്നിവരെയും വിവിധ ക്ലബ് അംഗങ്ങളെയും സ്കൂൾ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു.
Story Summary:
EMEA Higher Secondary School, Kondotty, has won the Malappuram District Panchayat’s ‘Vijayabheri Pep Talk Award’ for its innovative educational and personality development initiatives. The school secured first place among more than 100 participating schools in the district.

