ലണ്ടൻ: ലണ്ടനിലെ ഓവോ അരീന വെംബ്ലിയിൽ നടന്ന മോഹൻലാലിന്റെ ‘ബിയോണ്ട് ദ സ്ക്രീൻ’ ലൈവ് ഷോയിൽ നടൻ ധ്യാൻ ശ്രീനിവാസന്റെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം മോഹൻലാൽ ചിത്രം ‘നരനി’ലെ ഹിറ്റ് ഗാനമായ “ഓമൽ കൺമണി” എന്ന ഗാനമാണ് ധ്യാൻ വേദിയിൽ പാടിയത്. സിനിമയിൽ തന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ആലപിച്ച ഭാഗമാണ് ധ്യാൻ ചിത്രയ്ക്കൊപ്പം വേദിയിൽ അവതരിപ്പിച്ചത്. (Dhyan Sreenivasan London Show)
വേദിയിൽ എത്തിയ ധ്യാൻ വളരെ തമാശ നിറഞ്ഞ രീതിയിലാണ് സംസാരം തുടങ്ങിയത്. “ഇത്രയും ഓളം പ്രതീക്ഷിച്ചില്ല” എന്ന് പറഞ്ഞ താരം, ധൈര്യത്തിന് വേണ്ടി “രണ്ടെണ്ണം അടിച്ചിട്ടുണ്ട്” എന്ന് കൂടി പറഞ്ഞതോടെ സദസ്സിൽ ചിരിപടർന്നു. താൻ പാട്ടുപാടാൻ തുടങ്ങുന്നതോടെ ആളുകൾക്ക് തന്നോടുള്ള ഇഷ്ടം കുറയുമെന്ന ധ്യാനിന്റെ തമാശയ്ക്ക് ചിത്ര മറുപടി നൽകി. എന്നാൽ, പാട്ട് പാടിത്തുടങ്ങിയപ്പോൾ സദസ്സ് ആവേശത്തിലാവുകയും കാണികൾ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ വീശി പാട്ടിനൊപ്പം ചേരുകയും ചെയ്തു.
ധ്യാനിന്റെ ആലാപനമികവിനെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആളുകൾ പ്രശംസിക്കുന്നുണ്ട്. പാട്ടിന്റെ ഇൻട്രോ മ്യൂസിക് കേട്ടതുമുതൽ തന്നെ സദസ്സ് ഇളകിമറിഞ്ഞു. അതേസമയം, വേദിയിൽ വെച്ച് മദ്യപാനത്തെക്കുറിച്ചുള്ള ധ്യാനിന്റെ പരാമർശം വലിയൊരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിട്ടുണ്ട്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒരു പൊതുവേദിയിൽ ഒട്ടും ചേർന്നതല്ലെന്ന് കാണിച്ച് നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തുവരുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരന്ന പരിപാടിയിൽ ധ്യാനിന്റെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.
Summary: Actor Dhyan Sreenivasan has gone viral after a video of him singing the hit track “Omal Kanmani” from the movie Naran with legendary singer K.S. Chithra at Mohanlal’s “Beyond the Screen” live show in London surfaced. While Dhyan’s singing performance at the OVO Arena Wembley was well-received and earned significant praise from the audience, his humorous comment about having consumed alcohol before going on stage has sparked controversy and criticism on social media platforms.

