Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaവീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ; ധനബില്ലിലെ...

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ മദ്യലോബിയെ സഹായിക്കാൻ; ധനബില്ലിലെ നീക്കത്തിനെതിരെ പിണറായി വിജയൻ | Pinarayi Vijayan Liquor Tax Criticism

🎙️ Latest Podcast

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ട് ധനബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതി, സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള നീക്കമാണെന്ന് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan Liquor Tax Criticism). ബജറ്റ് നിർദ്ദേശങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഫിനാൻസ് ബില്ലിൽ നികുതി ഇളവ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറുമെന്നും, തുടർന്ന് നടക്കുന്ന ചർച്ചകൾ വെറും പ്രഹസനമാകുമെന്നും പിണറായി വിജയൻ വിമർശിച്ചു.

ഫിനാൻസ് ബിൽ പാസ്സായി നിയമത്തിന്റെ ഭാഗമായാൽ, നികുതി നിർദ്ദേശങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മരവിപ്പിക്കാൻ സർക്കാരിന് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ ബിൽ പാസായാൽ പിന്നീട് മദ്യവിൽപനയ്ക്ക് സർക്കാർ അനുമതി പോലും ആവശ്യമില്ലാത്ത അവസ്ഥയാകും. ഈ സാഹചര്യത്തിൽ യുഡിഎഫ് ചർച്ച എന്ന നിലപാട് മദ്യക്കമ്പനികളുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള പുകമറ മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് ഇതാദ്യമായാണ് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണമുന്നണിക്കുള്ളിൽ പോലും ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ലെന്നും, ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായാണ് മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തിയതെന്നുമാണ് ഭരണമുന്നണിയിൽ നിന്നുയരുന്ന ആരോപണം. എക്സൈസ് മന്ത്രി പോലും നയമാറ്റത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നത് ഗൗരവകരമാണ്. സുതാര്യമായ നടപടിക്രമങ്ങളെ മറികടന്ന് മുഖ്യമന്ത്രി സ്വന്തം താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

മദ്യക്കമ്പനികളും കുത്തകകളും അടങ്ങുന്ന പുതിയൊരു കൂട്ടുകെട്ടാണ് നിലവിൽ ഭരണം നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്ന ‘ടീം യുഡിഎഫ്’ സങ്കൽപ്പം ഇപ്പോൾ സ്വകാര്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. മുന്നണിയോ മന്ത്രിസഭയോ പോലും അറിയാതെ പല നിർണ്ണായക തീരുമാനങ്ങളും മുഖ്യമന്ത്രി ഏകപക്ഷീയമായി എടുക്കുന്നുണ്ടെന്നും, മദ്യനികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം സർക്കാർ ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചർച്ചയിൽ ബജറ്റ് നിർദ്ദേശം യുഡിഎഫിൽ ചർച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷെ സഭയിൽ അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി 10% വരെ 120 ശതമാനവും 10 മുതൽ 20 വരെ 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇതാവട്ടെ വീര്യം കുറഞ്ഞ മദ്യം Horti wine കാറ്റഗറിയോട് ചേർത്താണ് ഭേദഗതി നിർദ്ദേശിച്ചതിൽ കാണുന്നത്. ഇതാദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ടിത ഐഎംഎഫ് എൽ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നൽകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാൻ LDF സർക്കാർ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാൻസ് ബില്ലിലെ ഇളവ് നിർദ്ദേശം.

ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ സഭ അംഗീകരിച്ചാൽ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബിൽ പാസ്സായി നിയമത്തിൻ്റെ ഭാഗമാവുന്ന നികുതി നിർദ്ദേശം എക്സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോൾ ആ നികുതിയിളവിനുള്ള നിർദ്ദേശം ഫിനാൻസ് ബില്ലിൽ ചേർത്ത ശേഷം യുഡിഎഫ് ചർച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്.

ബജറ്റ് അവതരിപ്പിച്ച സമയം മുതൽ അതിലുള്ള പ്രഖ്യാപനങ്ങളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ബജറ്റിലെ നിർദ്ദേശങ്ങൾ നയപരമായി തങ്ങളുടെ രാഷ്ട്രീയ നിലപാടാണ് എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. പക്ഷെ മദ്യനികുതി ഇളവിൻ്റെ കാര്യം വന്നപ്പോൾ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് പറഞ്ഞത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഉയർത്തിയ അതിശക്തമായ വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിർപ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിൻ്റെ തെളിവാണ്.

എക്സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്സൈസ് മന്ത്രിയും പങ്ക് വെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തിൽ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണമുന്നണിയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചർച്ച ഫിനാൻസ് ബിൽ സഭ അംഗീകരിച്ചു കഴിഞ്ഞാൽ പ്രഹസനമാവും. ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് ബജറ്റ് നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്ന സുതാര്യ നടപടി ക്രമത്തിൽ നിന്നും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താൽപ്പര്യം മറ്റ് വകുപ്പുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയാണ് കാണുന്നത്. കോൺഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത്.

തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ ‘ടീം യുഡിഎഫ്’ സങ്കൽപ്പം പോലും സ്വകാര്യവൽക്കരിച്ചിരിക്കുന്നു. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികൾ. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിർണ്ണായക തീരുമാനമെടുത്ത ഒട്ടനവധി സന്ദർഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിൽ നടന്നത്. മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തെറ്റായ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണം.

 

 

Summary: Former Chief Minister Pinarayi Vijayan has accused the government of trying to help the private liquor lobby by including tax reductions for low-alcohol liquor in the Finance Bill. He argued that once the Finance Bill is passed by the Assembly, it becomes law, and any subsequent discussions within the UDF regarding the tax exemption would be meaningless, as the executive cannot freeze a legislated tax provision. Pinarayi criticized the Chief Minister for allegedly making unilateral decisions in liquor policy without consulting the Excise department or the coalition partners, further stating that the liquor lobby and corporate interests have now become the real partners in the government.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.