കൊച്ചി: പിറവം പുഴയിൽ പായിപ്ര സ്വദേശിനിയായ വിജി (44), ഇവരുടെ രണ്ട് വയസ്സുള്ള ആൺകുഞ്ഞ് എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു (Piravom river death Viji Paipra). മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇവർ ഭർത്താവിനും മൂത്ത മകൾക്കുമൊപ്പം പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ എത്തി ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കടുത്ത ദാരിദ്ര്യവും പ്രതിസന്ധികളും അനുഭവിച്ചിരുന്ന കുടുംബത്തിലെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് നാരായണൻ, മൂത്ത മകൾ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂവാറ്റുപുഴ ആറ്റിൽ മുളക്കുളം-കളമ്പൂർ പാലത്തിന് സമീപത്ത് നിന്നും വിജി, രണ്ട് വയസ്സുള്ള കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. വിജിയുടെ മൃതദേഹം എറണാകുളം ജില്ലയിലെ പിറവം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, കുഞ്ഞിന്റെ മൃതദേഹം കോട്ടയം ജില്ലയിലെ വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് കണ്ടെടുത്തത്. പൂർണ്ണമായി കാഴ്ചപരിമിതിയുള്ളയാളാണ് മരിച്ച വിജി.
ദാരിദ്ര്യവും പ്രതിസന്ധികളും; താങ്ങായി പോലീസും എത്തിയിരുന്നു
നാരായണനും കുടുംബവും കോതമംഗലത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വാടക കുടിശ്ശിക വരികയും അവിടെനിന്ന് താമസം മാറേണ്ടതായും വന്നു. തുടർന്ന് വിജിയുടെ രോഗാവസ്ഥയും കടുത്ത ദാരിദ്ര്യവും മൂലം വലഞ്ഞ കുടുംബം കഴിഞ്ഞദിവസം കോതമംഗലം പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നു.
കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കോതമംഗലം എസ്.എച്ച്.ഓയുടെ നേതൃത്വത്തിൽ പോലീസുകാർ ഇവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുകയും നെല്ലിക്കുഴിയിൽ താൽക്കാലികമായി താമസിക്കാൻ ഒരു വാടകവീട് ഏർപ്പാടാക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ വാടകവീട്ടിലേക്ക് താമസം മാറ്റാമെന്ന് പോലീസിന് ഉറപ്പുനൽകിയാണ് ഇവർ സ്റ്റേഷനിൽ നിന്നും മടങ്ങിയത്. ഇതിന് പിന്നാലെയാണ് അമ്മയെയും കുഞ്ഞിനെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇത് കടുത്ത സാമ്പത്തിക ബാധ്യത മൂലമുള്ള കൂട്ട ആത്മഹത്യാ ശ്രമമാണോ, അതോ ആറ്റിൽ വീണുണ്ടായ അപകടമാണോ എന്നതുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും മകളെയും കണ്ടെത്തിയാൽ മാത്രമേ സംഭവത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരുകയുള്ളൂ. പിറവം പോലീസും വെള്ളൂർ പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
Story Summary: The bodies of Viji (44) and her 2-year-old son were recovered from the Muvattupuzha river near Piravom. Hours before the incident, CCTV footage showed the family dining at a local hotel. Police are searching for the missing husband, Narayanan, and their elder daughter, amid reports of severe financial distress.

