കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററുകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് (Sathyan Anthikad Facebook post Balan movie review). ചിദംബരത്തിന്റെ സിനിമാ കാഴ്ചകളെയും മേക്കിങ് ശൈലിയെയും പ്രകീർത്തിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സത്യൻ അന്തിക്കാട് തന്റെ സിനിമാ ഓർമ്മകളും ചിത്രത്തെക്കുറിച്ചുള്ള വലിയ നിരീക്ഷണങ്ങളും പങ്കുവെച്ചത്.
തന്റെ ‘വിനോദയാത്ര’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ താൻ ആദ്യമായി കാണുന്നതെന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു. അന്ന് ആ സിനിമയിൽ ചൈൽഡ് ആർട്ടിസ്റ്റായി അഭിനയിച്ചിരുന്ന അനിയൻ ഗണപതിയുടെ (നടനും കാസ്റ്റിങ് ഡയറക്ടറുമായ ഗണപതി) അഭിനയം കാണാൻ വന്നതായിരുന്നു ആ കുട്ടി. അന്ന് സെറ്റിൽ വെച്ച് തന്നോട് സംസാരിക്കവെ, അനിയനെപ്പോലെ അഭിനയത്തിലല്ല, മറിച്ച് തനിക്ക് സിനിമയുടെ പിന്നണിയിലാണ്, സിനിമ സംവിധാനം ചെയ്യുന്നതിലാണ് താല്പര്യമെന്ന് ചിദംബരം പറഞ്ഞിരുന്നതായും സത്യൻ അന്തിക്കാട് കുറിപ്പിൽ അനുസ്മരിച്ചു. അന്ന് കണ്ട ആ കുട്ടിയാണ് ഇന്ന് മലയാള സിനിമയുടെ അഭിമാന സംവിധായകനായി വളർന്നു പന്തലിച്ചിരിക്കുന്നത്.
ബിഗ് സ്ക്രീനിൽ ‘ബാലൻ’ കണ്ടപ്പോൾ മലയാള സിനിമയിലെ ഇതിഹാസ സംവിധായകരായ പി.എൻ. മേനോൻ, ഭരതൻ, കെ.ജി. ജോർജ്ജ് എന്നിവരെയൊക്കെയാണ് തനിക്ക് ഓർമ്മ വന്നതെന്ന് സത്യൻ അന്തിക്കാട് കുറിച്ചു. അത്രമേൽ റിയലിസ്റ്റിക്കായും ശക്തമായും സിനിമയെ ദൃശ്യവൽക്കരിക്കാൻ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്. മനസ്സിനെ കൊളുത്തി വലിക്കുന്ന കൃത്യമായ ഒരു വിഷയവും, അത് മനോഹരമായി പ്രേക്ഷകരോട് പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന മികച്ച സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ‘ബാലൻ ദി ബോയ്’ എന്ന് സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകൻ ചിദംബരം, തിരക്കഥാകൃത്ത് ജിത്തു മാധവൻ, അഭിനേതാക്കൾ തുടങ്ങി സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകരെയും അദ്ദേഹം ഹൃദയപൂർവ്വം അഭിനന്ദിച്ചു.
Story Summary: Veteran Malayalam filmmaker Sathyan Anthikad showered praise on director Chidambaram’s latest theatrical release ‘Balan’ (Balan The Boy). In a Facebook post, Anthikad recalled meeting a young Chidambaram on the sets of his film ‘Vinodayathra’, where he came to watch his younger brother Ganapathy act and expressed his passion for filmmaking. Anthikad stated that watching ‘Balan’ reminded him of legendary directors like P.N. Menon, Bharathan, and K.G. George, hailing the film as a testament to great storytelling. He also congratulated screenwriter Jithu Madhavan and the entire crew.

