ക്വെറ്റ : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രമുഖ ആക്ടിവിസ്റ്റ് മെഹ്‌റംഗ് ബലൂചിനെയും ബി.വൈ.സി നേതാവ് സിബ്ഗത്തുള്ള ഷായെയും ക്വെട്ടയിലെ തീവ്രവാദ വിരുദ്ധ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2024-ൽ ഗ്വാദറിൽ നടന്ന റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി വിധി.(Mahrang Baloch, Prominent Baloch Activist Mahrang Baloch Sentenced To Life Imprisonment In Pakistan)
ജഡ്ജി മുഹമ്മദ് അലി മൊബിൻ ആണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ നിയമനടപടികൾക്കെതിരെ മെഹ്‌റംഗും മറ്റ് ബി.വൈ.സി നേതാക്കളും നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. ജൂൺ 12 മുതൽ ക്വെട്ടയിലെ ജില്ലാ ജയിലിൽ ഇവർ സത്യഗ്രഹ സമരം നടത്തിവരികയാണ്. തങ്ങൾക്കെതിരെയുള്ള കേസുകൾക്ക് യാതൊരു നിയമപരമായ അടിസ്ഥാനവുമില്ലെന്നും തെറ്റായ തെളിവുകളാണ് ഹാജരാക്കിയതെന്നും ബി.വൈ.സി ആരോപിച്ചു. തങ്ങളെ തടവിലാക്കി ഈ പോരാട്ടത്തെ അടിച്ചമർത്താനാവില്ലെന്ന് സംഘടന പ്രഖ്യാപിച്ചു.
ഗൗദറിൽ നടന്ന “ബലൂച് രാജി മാച്ചി” എന്ന പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്ന് നടന്ന പ്രതിഷേധങ്ങളിൽ പോലീസ് നടപടിക്കിടെ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്നും പാക് ഭരണകൂടം നിയമത്തെ ആയുധമാക്കി തങ്ങളുടെ ശബ്ദം അടിച്ചമർത്തുകയാണെന്നും മെഹ്‌റംഗിന്റെ സഹോദരിയും അഭിഭാഷകയുമായ നാദിയ ബലൂച് പ്രതികരിച്ചു. പാക് സർക്കാർ നിയമിച്ച അഭിഭാഷകരെ മെഹ്‌റംഗും സംഘവും തള്ളിക്കളയുകയായിരുന്നു.
ബലൂചിസ്ഥാനിലെ നിർബന്ധിത തിരോധാനങ്ങൾക്കും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കുമെതിരെ പോരാടുന്ന ഏറ്റവും ശക്തമായ ശബ്ദമാണ് മെഹ്‌റംഗ്. ഒരു ഡോക്ടർ കൂടിയായ ഇവർ, 2023-ൽ തുർബത്തിൽ നിന്ന് ഇസ്ലാമാബാദിലേക്ക് നടത്തിയ 1,600 കിലോമീറ്റർ നീളുന്ന മാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്നു. 2009-ൽ അച്ഛനെയും 2017-ൽ സഹോദരനെയും കാണാതായ വ്യക്തിപരമായ ദുരന്തമാണ് ഇവരെ ഈ പോരാട്ടത്തിലേക്ക് എത്തിച്ചത്. ബി.ബി.സി 100 വുമൺ പട്ടികയിലും ടൈം 100 നെക്സ്റ്റ് ലിസ്റ്റിലും ഇടംപിടിച്ച മെഹ്‌റംഗ്, ബലൂചിസ്ഥാന്റെ അവകാശങ്ങൾക്കായി പോരാടുന്നവരുടെ പ്രതീകമായി മാറുകയായിരുന്നു.
Story Summary
A Quetta anti-terrorism court has sentenced prominent Baloch activist Mahrang Baloch and BYC leader Sibghatullah Shah to life imprisonment over a security officer’s death during 2024 protests. The BYC has condemned the verdict as “judicial tyranny,” while Mahrang remains a symbol of resistance against enforced disappearances and repression in Balochistan, having led major movements for the rights of marginalized communities.

