കൊൽക്കത്ത: ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ (SIR) നിയമപോരാട്ടം ശക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മമത നേരിട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ നീക്കം.
വോട്ടർ പട്ടിക പരിശോധനയുടെ ഭാഗമായുള്ള അനാവശ്യ നടപടികൾക്കിടെ സംസ്ഥാനത്ത് ഏകദേശം 140 പേർ മരിച്ചതായി മമത ആരോപിക്കുന്നു. കടുത്ത നടപടികൾ ജനങ്ങൾക്ക് വലിയ മാനസിക-ശാരീരിക ദുരിതമാണ് നൽകുന്നത്. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സർവർമാരെ ഏകപക്ഷീയമായി വിന്യസിച്ചതിനെ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ മറികടന്നുള്ള നീക്കമാണെന്നും മമത ആരോപിക്കുന്നു.
യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നാണ് തൃണമൂലിന്റെ വാദം. ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ടർ പട്ടികാ പരിഷ്കരണം വലിയ തർക്കവിഷയമായി നിലനിൽക്കെയാണ് മമതയുടെ ഈ സുപ്രീം കോടതി നീക്കം. ഹർജി വരും ദിവസങ്ങളിൽ കോടതി ഭരണഘടനാ ബെഞ്ചിന് വിടുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.



