കാഞ്ഞങ്ങാട്: കായിക മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ബോക്സിംഗ്, കരാട്ടെ താരം തെങ്ങിൽ നിന്നും വീണ് മരിച്ചു. ഇരിയ തട്ടുമ്മൽ ചേരിക്കുന്നിലെ എം. രഞ്ജൻകുമാർ (48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ സ്വന്തം വീട്ടുപറമ്പിലെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോഴായിരുന്നു ദാരുണമായ അപകടം.
വീട്ടുമുറ്റത്തെ തെങ്ങിൽ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോക്സിംഗ്, കരാട്ടെ മത്സരങ്ങളിൽ സംസ്ഥാന-ജില്ലാ തലങ്ങളിൽ നിരവധി ചാമ്പ്യൻഷിപ്പുകൾ രഞ്ജൻകുമാർ നേടിയിട്ടുണ്ട്. കായിക രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ മരണം നാട്ടുകാരെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.
കുമാരന്റെയും പരേതയായ മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ലീല. മകൾ: ഐശ്വര്യ. രാഘവൻ, ഗീത, മഞ്ജുള, നളിനി എന്നിവർ സഹോദരങ്ങളാണ്. ഭൗതികശരീരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



