വാഷിംഗ്ടൺ: ശീതയുദ്ധകാലത്തെ പ്രധാന ശത്രുക്കളായ അമേരിക്കയുടെയും റഷ്യയുടെയും തന്ത്രപ്രധാനമായ രണ്ട് ബോംബർ വിമാനങ്ങൾ ഒരേദിവസം തകർന്നു (B-52 Tu-22M3 Crash). കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്ന ഉടനെ യുഎസ് വ്യോമസേനയുടെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുണ്ടായ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. സൈനികരും കരാർ ജീവനക്കാരും അടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. റഡാർ ആധുനികവൽക്കരണ പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണ പറക്കലിലായിരുന്നു ഈ വിമാനം.
ഇതിന് സമാനമായി, റഷ്യയുടെ ടി യു-22എം3 സ്ട്രാറ്റജിക് ബോംബർ വിമാനം സൈബീരിയയിലെ ഇർകുത്സ്ക് മേഖലയിൽ പരിശീലന പറക്കലിനിടെ തകർന്നു. എന്നാൽ, റഷ്യൻ വിമാനത്തിലെ ക്രൂ അംഗങ്ങൾ സുരക്ഷിതമായി എജക്ട് ചെയ്ത് രക്ഷപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അപകടത്തിൽ ഭൂമിയിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ശീതയുദ്ധകാലം മുതൽ ഇരുരാജ്യങ്ങളുടെയും സൈനിക വ്യോമശക്തിയുടെ നട്ടെല്ലാണ് ഈ വിമാനങ്ങൾ. ആണവായുധങ്ങൾ ഉൾപ്പെടെ വൻതോതിൽ ആയുധശേഖരം വഹിക്കാൻ ശേഷിയുള്ളവയാണ് ഇവ രണ്ടും. ബി-52 ബോംബർ 70,000 പൗണ്ട് വരെ ആയുധങ്ങളുമായി 8,000 മൈലിലേറെ ദൂരം ഇന്ധനം നിറയ്ക്കാതെ പറക്കാൻ ശേഷിയുള്ളതാണ്. സോവിയറ്റ് കാലഘട്ടത്തിലെ ടി യു-22എം3 സൂപ്പർസോണിക് ബോംബർ സിറിയയിലും ഉക്രെയ്നിലും റഷ്യ നേരത്തെ ഉപയോഗിച്ചിരുന്നു. ഇരുരാജ്യങ്ങളും പുതിയ തലമുറ ബോംബറുകൾ വികസിപ്പിക്കുന്നുണ്ടെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ പദ്ധതികൾ വൈകുകയാണ്.
Summary: In a rare and significant coincidence, two strategic nuclear-capable bombers from the United States and Russia crashed on the same day. The US Air Force’s B-52 Stratofortress crashed during a test flight at Edwards Air Force Base in California, resulting in the loss of all eight crew members. Simultaneously, Russia’s Tu-22M3 strategic bomber went down during a training mission in Siberia, though the crew safely ejected.

