തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ (Kerala police transfer). മുൻപ് മാറ്റിനിർത്തപ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിർണ്ണായക തസ്തികകൾ നൽകിക്കൊണ്ട് എഡിജിപി (ADGP) തലം മുതൽ എസ്പി (SP) മാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റിയത്. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വൻ പുനഃസംഘടന.
ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന പി. വിജയൻ ഐപിഎസിനെ അതീവ നിർണ്ണായകമായ ക്രമസമാധാന ചുമതലയുള്ള (Law & Order) പുതിയ എഡിജിപിയായി നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിലുണ്ടായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ എഡിജിപിയായി മാറ്റി നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയാണ് പുതിയ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ്ണ ചുമതല നൽകിയപ്പോൾ, ദിനേന്ദ്ര കശ്യപ് പുതിയ ഇന്റലിജൻസ് എഡിജിപിയാകും.
ഐപിഎസ് (IPS) പദവി ലഭിച്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രമുഖ ഉദ്യോഗസ്ഥരായ ഷൗക്കത്തലിക്കും ഷാജി സുഗണനും ക്രമസമാധാന പരിപാലനത്തിൽ തന്ത്രപ്രധാനമായ തസ്തികകൾ ലഭിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന ഷൗക്കത്തലി എ.പി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും, ഷാജി സുഗുണൻ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിതരായി.
ഐജി, ഡിഐജി തലങ്ങളിലെ മറ്റ് പ്രധാന മാറ്റങ്ങൾ:
ഹർഷിത അത്തല്ലൂരി: ഐജി (ഹെഡ്ക്വാർട്ടേഴ്സ്)
ആർ. നിശാന്തിനി: ഐജി (ഇന്റലിജൻസ്)
എസ്. ശ്യാംസുന്ദർ: ഐജി (ക്രൈംബ്രാഞ്ച് എക്സ്-കേഡർ)
യതീഷ് ചന്ദ്ര: എറണാകുളം റേഞ്ച് ഡിഐജി (കണ്ണൂരിൽ നിന്ന് മാറ്റം)
കാർത്തിക്: തൃശൂർ റേഞ്ച് ഡിഐജി (തിരുവനന്തപുരം സിറ്റി കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റം)
നാരായണൻ ടി.ഐ: കണ്ണൂർ റേഞ്ച് ഡിഐജി (തൃശൂരിൽ നിന്ന് മാറ്റം)
ഡോ. അരുൾ ആർ.ബി. കൃഷ്ണ: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ (എറണാകുളം റേഞ്ച് ഡിഐജി പദവിയിൽ നിന്ന് മാറ്റം)
ജില്ലാ പൊലീസ് മേധാവി, കമ്മീഷണർ തലങ്ങളിലെ നിയമനങ്ങൾ: മെറിൻ ജോസഫിനെ കോഴിക്കോട് റൂറലിലും, പ്രശാന്തൻ കാണി ബി.കെയെ തിരുവനന്തപുരം റൂറലിലും ജില്ലാ പൊലീസ് മേധാവിമാരാക്കി. സാബു മാത്യു കെ.എം (കോട്ടയം), വിഷ്ണു പ്രദീപ് ടി.കെ (ആലപ്പുഴ), അബ്ദുൽ റഷീദ് എ (പാലക്കാട്), എസ്. ദേവ മനോഹർ (വയനാട്), നിതിൻരാജ് പി (കാസർകോട്), മുഹമ്മദ് നദീമുദ്ദീൻ (തൃശൂർ റൂറൽ), ഉമേഷ് ഗോയൽ (കണ്ണൂർ റൂറൽ), ഡോ. നസീം എ (ഇടുക്കി) എന്നിവരാണ് മറ്റ് പുതിയ ജില്ലാ പൊലീസ് മേധാവിമാർ.
ബി.വി. വിജയ ഭാരത് റെഡ്ഡി പുതിയ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാകും. ബി. കൃഷ്ണകുമാർ (റെയിൽവേ എസ്പി), അനുജ് പാലിവാൽ (എഐജി ലോ & ഓർഡർ, ഹെഡ്ക്വാർട്ടേഴ്സ്), ഫറാഷ് ടി (എറണാകുളം കോസ്റ്റൽ പൊലീസ് എഐജി), മോഹനചന്ദ്രൻ നായർ എം.പി (കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പി), സി.എസ്. ഷാഹുൽ ഹമീദ് (തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-1 എസ്പി) എന്നിവരാണ് മറ്റ് പുതിയ നിയമനങ്ങൾ. സുഗമമായ ഭരണനിർവ്വഹണത്തിനായി ക്രൈംബ്രാഞ്ച് ഐജി, തിരുവനന്തപുരം, കോഴിക്കോട് സിറ്റി കമ്മീഷണർമാർ, എഐജി (ലോ & ഓർഡർ) എന്നീ നാല് തസ്തികകൾ ഒരു വർഷത്തേക്ക് താൽക്കാലിക എക്സ്-കേഡർ തസ്തികകളായി ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Story Summary: The Kerala government ordered a major reshuffle in the state police force, transferring 30 top IPS officers from the ADGP to SP ranks. Inside track officers sidelined previously have been brought into key positions. P. Vijayan is appointed as the new ADGP (Law & Order) with the additional charge of the Cyber Cell, while S. Sreejit is posted as ADGP (Prisons). Noted officers Yateesh Chandra and Shaukathali have been designated as Ernakulam Range DIG and Kozhikode City Police Commissioner, respectively.

