ബാങ്കോക്ക്: 2015-ൽ തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഏറവാൻ ശ്രീകോവിലിലുണ്ടായ സ്ഫോടനക്കേസിൽ രണ്ട് പേർക്ക് വധശിക്ഷ വിധിച്ച് തായ്ലൻഡ് കോടതി (Thailand Bangkok Bombing). വംശീയ ഉയ്ഘൂർ വിഭാഗത്തിൽപ്പെട്ട യൂസുഫു മിറെയിലി, ബിലാൽ മുഹമ്മദ് എന്നീ ചൈനീസ് പൗരന്മാർക്കാണ് ബാങ്കോക്ക് സൗത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. തായ്ലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആസൂത്രിതമായ കൊലപാതകം, വധശ്രമം, സ്ഫോടകവസ്തുക്കളുടെ അനധികൃത കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ തെളിഞ്ഞതിനെത്തുടർന്നാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.
2015 ഓഗസ്റ്റ് 17-ന് ബാങ്കോക്കിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ ക്ഷേത്രത്തിലായിരുന്നു സ്ഫോടനം നടന്നത്. നിരവധി വിനോദസഞ്ചാരികളും വിശ്വാസികളും ഒത്തുചേരുന്ന സ്ഥലത്ത് നടന്ന ആക്രമണത്തിൽ ചൈനയിൽ നിന്നും ഹോങ്കോംഗിൽ നിന്നുമുള്ളവരുൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. വീഡിയോ തെളിവുകളും വിരലടയാളങ്ങളും അടക്കമുള്ള ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. എന്നാൽ തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും വിധി അംഗീകരിക്കുന്നില്ലെന്നും പ്രതികൾ വ്യക്തമാക്കി. ഈ വിധിക്കെതിരെ ഒരു മാസത്തിനുള്ളിൽ അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു.
ഏകദേശം പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഈ വിധി വരുന്നത്. 2016-ൽ സൈനിക കോടതിയിൽ ആരംഭിച്ച വിചാരണ 2022-ൽ സിവിലിയൻ കോടതിയിലേക്ക് മാറ്റുകയായിരുന്നു. 10,000 പേജുകളിലധികം വരുന്ന സാക്ഷിമൊഴികളും 400-ലധികം സാക്ഷികളെ വിസ്തരിച്ചതും കേസിന്റെ സങ്കീർണ്ണത വർദ്ധിപ്പിച്ചു. സ്ഫോടനത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും, തായ്ലൻഡ് ഭരണകൂടം 100-ലധികം ഉയ്ഘൂർ അഭയാർത്ഥികളെ ചൈനയിലേക്ക് തിരിച്ചയച്ചതിലുള്ള പ്രതികാരമായാണ് ഈ ആക്രമണം നടന്നതെന്നാണ് സുരക്ഷാ വിദഗ്ധരുടെ നിഗമനം.
വിധിയിൽ ചൈന സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ പ്രവർത്തി മനുഷ്യത്വരഹിതമാണെന്നും തായ്ലൻഡ് നിയമവ്യവസ്ഥ പ്രകാരം ശിക്ഷ നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഷിൻജിയാങ് മേഖലയിലെ ഉയ്ഘൂർ മുസ്ലിംകൾക്കെതിരായ ചൈനയുടെ കർശനമായ നയങ്ങളും അടിച്ചമർത്തലുകളും മുൻനിർത്തി നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഏതായാലും നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച വിധി വലിയൊരു കേസിലെ സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
Summary: A Thai court has sentenced two ethnic Uighur men, Yusufu Mieraili and Bilal Mohammed, to death for their roles in the 2015 Bangkok Erawan shrine bombing, which killed 20 people and injured over 100. The legal process spanned a decade, involving over 10,000 pages of testimony and more than 400 witnesses.

