ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ (Bareilly) സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിൽ കുടുംബകലഹം തെരുവിലേക്ക് (Wife catches husband with girlfriend). ഭർത്താവ് മറ്റൊരു യുവതിയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നത് നേരിട്ട് കണ്ട ഭാര്യ, അവരെ തടയാൻ ഓടുന്ന കാറിന് മുന്നിലേക്ക് ചാടുകയും നിർണ്ണായക നിമിഷത്തിൽ കാറിന്റെ ബോണറ്റിൽ (Car Bonnet) തൂങ്ങിക്കിടക്കുകയും ചെയ്തു. ഭാര്യ ബോണറ്റിൽ കിടന്നിട്ടും വണ്ടി നിർത്താതെ ഭർത്താവ് ദൂരത്തോളം മുന്നോട്ട് ഓടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബറേലിയിലെ ഭമോര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവ്ചര ജംഗ്ഷനിലാണ് ഈ ഹൈവോൾട്ടേജ് ഡ്രാമ അരങ്ങേറിയത്. നേത്രപാൽ എന്ന വ്യക്തി തന്റെ ഗ്രാമത്തിലുള്ള കാമുകിയോടൊപ്പം കാറിൽ പോകുന്നത് ഭാര്യ ഉഷാദേവി യാദൃശ്ചികമായി കാണുകയായിരുന്നു. ഭർത്താവിനെ കൈയോടെ പിടികൂടാൻ ഇവർ കാറിന് മുന്നിൽ കയറി നിന്നെങ്കിലും നേത്രപാൽ വണ്ടിയുടെ വേഗത കൂട്ടി മുന്നോട്ട് എടുക്കുകയാണുണ്ടായത്.
High drama unfolds in #Bareilly as wife catches husband with alleged girlfriend in a vehicle. She climbs onto car bonnet; gets dragged for nearly 100 meters. FIR Filed @uppolice @timesofindia pic.twitter.com/prKxvw3YvB
— Sandeep Rai (@RaiSandeepTOI) June 9, 2026
റോഡിലെ സ്പീഡ് ബ്രേക്കറിൽ വച്ച് കാറിന്റെ വേഗത നേരിയ രീതിയിൽ കുറഞ്ഞപ്പോൾ ഉഷാദേവി ഒട്ടും മടിക്കാതെ വണ്ടിയുടെ ബോണറ്റിലേക്ക് ചാടിക്കയറി വൈപ്പറുകളിൽ മുറുകെ പിടിച്ചു. തുടർന്ന് വണ്ടി നിർത്താൻ ഇവർ ആക്രോശിച്ചെങ്കിലും ഭർത്താവ് വേഗത കൂട്ടി ഇവരെയും കൊണ്ട് ഏകദേശം 100 മുതൽ 200 മീറ്ററോളം ദൂരം മുന്നോട്ട് പാഞ്ഞു. ഈ ഭീതിജനകമായ രംഗം കണ്ട് റോഡിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് ബൈക്ക് യാത്രക്കാരും കാറിനെ പിന്തുടരുകയും വണ്ടിക്ക് മുന്നിൽ ബൈക്കുകൾ ക്രോസ്സ് ചെയ്ത് നിർത്തിച്ച് കാർ തടയുകയുമായിരുന്നു.
കാർ നിന്നയുടൻ രോഷാകുലരായ ജനക്കൂട്ടം നേത്രപാലിനെ വലിച്ച് പുറത്തിറക്കുകയും വണ്ടിയുടെ ചില്ലുകൾ തകർത്ത് ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് ഭാര്യയും ഭർത്താവിന്റെ കാമുകിയും തമ്മിൽ പരസ്യമായ അടിപിടിയും നടന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ജനങ്ങൾ മൊബൈലിൽ പകർത്തിയ വീഡിയോ ഓൺലൈനിൽ വൈറലായതോടെ പോലീസ് ഇടപെട്ടു. ഉഷാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നേത്രപാലിനും കാമുകിക്കുമെതിരെ അശ്രദ്ധമായി വണ്ടിയോടിക്കൽ, ജീവന് ഭീഷണിയുയർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

