കൊച്ചി: പോക്സോ (POCSO) കേസുകളിൽ ഇരയായ കുട്ടിയുടെ പ്രായം നിശ്ചയിക്കുന്നതിന് എസ്എസ്എൽസി ബുക്കും സ്കൂൾ പ്രവേശന രജിസ്റ്ററും മതിയായ തെളിവുകളാണെന്ന് വ്യക്തമാക്കി ഹൈക്കോടതി (Kerala High Court POCSO case). ഈ രേഖകളുടെ അടിസ്ഥാനത്തിൽ ഇരയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വിലയിരുത്തി പ്രതിക്ക് പത്തു വർഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ബാലനീതി നിയമപ്രകാരം പ്രായം തെളിയിക്കാൻ ഈ ഔദ്യോഗിക സ്കൂൾ രേഖകൾ സ്വീകാര്യമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഉത്തരവിട്ടു.
മഞ്ചേരി പോക്സോ കോടതി വിധിച്ച തടവുശിക്ഷയ്ക്കെതിരെ മലപ്പുറം സ്വദേശിയായ 41-കാരൻ ചേവായ് മോഹൻദാസ് നൽകിയ അപ്പീൽ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി വിചാരണക്കോടതി തനിക്ക് വിധിച്ച ശിക്ഷാ നടപടികൾ മതിയായ തെളിവുകളില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിതയ്ക്ക് ക്രൂരത നടക്കുമ്പോൾ 18 വയസ്സിൽ താഴെയായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
തന്റെ അടുത്ത് നൃത്തം പഠിക്കാനെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. തുടർന്ന് പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ, സംഭവസമയത്ത് ഇരയ്ക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് നടന്നതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഇതിനായി പ്രോസിക്യൂഷൻ ഹാജരാക്കിയ എസ്എസ്എൽസി ബുക്കും സ്കൂൾ അഡ്മിഷൻ രജിസ്റ്ററും പ്രായം തെളിയിക്കാനുള്ള അസൽ രേഖകളായി കണക്കാക്കാനാവില്ലെന്നും പ്രതി വാദിച്ചു.
എന്നാൽ പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെല്ലാം ഹൈക്കോടതി പൂർണ്ണമായും തള്ളി. ഹാജരാക്കിയ സ്കൂൾ രേഖകൾ പ്രകാരം അതിജീവിതയ്ക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് വ്യക്തമാണെന്നും, അതിനാൽ തന്നെ പോക്സോ നിയമപ്രകാരം ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിന് പുറമെ, ജനിച്ച കുട്ടി പ്രതിയുടേത് തന്നെയാണെന്ന് ഡിഎൻഎ (DNA) പരിശോധനയിലൂടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യവും കൂടി കണക്കിലെടുത്താണ് ഹൈക്കോടതി പ്രതിയുടെ അപ്പീൽ തള്ളിയത്.
Story Summary: The Kerala High Court ruled that SSLC books and school admission registers are sufficient proof to determine a victim’s age in POCSO cases. Justice A. Badharudeen upheld the 10-year prison sentence of a 41-year-old dance teacher from Malappuram, rejecting his appeal that the relationship was consensual, especially after a DNA test confirmed his paternity.

