കൽപ്പറ്റ: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച ഭവന പദ്ധതിക്കെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപീഎം (Mundakkai rehabilitation housing). മേപ്പാടി കുന്നമ്പറ്റയിൽ വീടുകൾക്കായി തറക്കല്ലിട്ടിട്ട് നൂറു ദിവസം പിന്നിട്ടിട്ടും യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ലെന്ന് സിപീഎം കുറ്റപ്പെടുത്തി. കോൺഗ്രസ് വലിയ അവകാശവാദങ്ങളോടെ വാങ്ങിയ തോട്ടത്തിൽ ഇപ്പോൾ വീടും കാണാനില്ല, നേതാക്കൾ വന്നിട്ട കല്ലും കാണാനില്ലെന്നാണ് സിപിഎമ്മിന്റെ പരിഹാസം.
2026 ഫെബ്രുവരി 26-നാണ് രാഹുൽ ഗാന്ധിയും വയനാട് സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധിയും ഒന്നിച്ചെത്തി കുന്നമ്പറ്റയിലെ ഭൂമിയിൽ ഭവന പദ്ധതിക്കായി ശിലാസ്ഥാപനം നടത്തിയത്. വീട് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ ഉടൻ തുടങ്ങുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനമെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസിന് പദ്ധതിയുമായി ഒരടി പോലും മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഎം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.
ഭവന നിർമാണത്തിനാവശ്യമായ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിക്കായി ഒരു അപേക്ഷ പോലും ഇതുവരെ കോൺഗ്രസ് നേതൃത്വം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്ന് ശിലാസ്ഥാപനത്തിനായി പണിത പന്തൽ അഴിച്ചുകൊണ്ടുപോയ സ്ഥലത്ത് ഒരു കിണർ കുഴിച്ചതല്ലാതെ മറ്റൊരു നിർമാണ പണിയും അവിടെ നടന്നിട്ടില്ലെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ കള്ളപ്രചാരണം നടത്തി കോൺഗ്രസ് കോടികൾ പിരിച്ചെടുത്തതായും പാർട്ടി ആരോപിച്ചു. ദുരന്തമുണ്ടായ സമയത്ത് രാഹുൽ ഗാന്ധിയും കെപിസിസിയും 100 വീടുകൾ വീതവും യൂത്ത് കോൺഗ്രസ് 30 വീടുകളും നിർമ്മിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ആകെ 230 വീടുകൾ വാഗ്ദാനം ചെയ്ത് ഒന്നരവർഷത്തോളം കാലം ജനങ്ങളെ പറ്റിച്ച ശേഷം ഒടുവിൽ 50 വീടുകൾക്ക് മാത്രമാണ് കോൺഗ്രസ് കല്ലിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും മുഖം രക്ഷിക്കാനും നടത്തിയ നാടകം മാത്രമായിരുന്നു കുന്നമ്പറ്റയിലെ തറക്കല്ലിടലെന്ന് പ്രസ്താവനയിൽ പറയുന്നു. വന്യമൃഗ ശല്യവും കാട്ടാനയിറങ്ങുന്നതുമായ മൂന്നേക്കർ കാപ്പിത്തോട്ടമാണ് വീടുണ്ടാക്കാൻ കോൺഗ്രസ് തിരഞ്ഞെടുത്തത്. ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എന്ത് ചെയ്തെന്ന് വെളിപ്പെടുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും, ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി ഒരു രൂപ പോലും നൽകാത്തവരാണ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സിപിഎം കടുത്ത ഭാഷയിൽ വിമർശിച്ചു.
Story Summary: CPM has strongly criticized the Congress party over the delay in constructing houses for the Mundakkai-Chooralmala landslide victims in Wayanad. Even after 100 days since Rahul Gandhi and MP Priyanka Gandhi laid the foundation stone at Kunnampatta on February 26, no construction applications have been filed, and no work has commenced on the site.

