കൊച്ചി: കോതമംഗലം സർക്കിൾ ഇൻസ്പെക്ടർക്കെതിരെ (CI) ഫേസ്ബുക്കിലൂടെ പരസ്യമായി ഭീഷണി മുഴക്കിയ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്സെടുത്തു (Arjun Ayanki Facebook post). ഐടി ആക്ട് പ്രകാരമാണ് കോതമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. ‘സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ല’ എന്നതടക്കമുള്ള കടുത്ത ഭാഷയിലായിരുന്നു ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
കഴിഞ്ഞ ദിവസം കോതമംഗലത്ത് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നടപടിയിൽ പ്രകോപിതനായാണ് ‘കോതമംഗലം സർക്കിൾ ഏമാന് ഒരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെ അർജുൻ ആയങ്കി ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റിട്ടത്.
ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് പോലീസ് തങ്ങൾക്കെതിരെ ഇത്തരമൊരു അനാവശ്യ നടപടി സ്വീകരിച്ചതെന്ന് ആയങ്കി പോസ്റ്റിൽ ആരോപിക്കുന്നു. പോലീസ് നടപടിയിൽ തങ്ങളാരും ക്ഷമിച്ച് വീട്ടിൽ പോയി അടങ്ങിയിരിക്കില്ലെന്നും, ഒരൊറ്റ രാത്രി കൊണ്ട് തങ്ങളുടെ ജീവിതം കീഴ്മേൽ മറിച്ച സിഐയെ വെറുതെ വിടില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഉദ്യോഗസ്ഥനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് ഉടനടി നിയമനടപടികളിലേക്ക് കടന്നത്.
Story Summary: The Kothamangalam police have registered a case under the IT Act against Arjun Ayanki for threatening the Kothamangalam Circle Inspector via a Facebook post. Ayanki issued the threat after he and his friends were recently detained by the police while attending a wedding in the area.

