തായ്‌പേയ്: തായ്‌വാന്റെ അതിർത്തികൾക്ക് ചുറ്റും ചൈനീസ് സൈന്യം സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 6 മണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 22 വിമാനങ്ങളും, നാവികസേനയുടെ 8 കപ്പലുകളും ഉൾപ്പെടെയുള്ള വൻ സൈനിക വ്യൂഹമാണ് മേഖലയിൽ കണ്ടെത്തിയത്.(Taiwan China tensions, China Increases Military Presence Near Taiwan Border)
കണ്ടെത്തിയ 22 വിമാനങ്ങളിൽ രണ്ടെണ്ണം തായ്‌വാൻ കടലിടുക്കിലെ അനൗദ്യോഗിക അതിർത്തിയായ ‘മീഡിയൻ ലൈൻ’ മുറിച്ചുകടക്കുകയും, തായ്‌വാന്റെ വ്യോമ പ്രതിരോധ തിരിച്ചറിയൽ മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരമായ നീക്കങ്ങളെ പ്രതിരോധിക്കാൻ തായ്‌വാൻ തങ്ങളുടെ യുദ്ധവിമാനങ്ങളെയും നാവികസേനാ കപ്പലുകളെയും സജ്ജമാക്കിയിട്ടുണ്ട്. മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് ചൈനീസ് നീക്കങ്ങളെ തായ്‌വാൻ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
മുൻ ദിവസങ്ങളിലും സമാനമായ രീതിയിൽ ചൈനീസ് സൈന്യം മേഖലയിൽ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇത് ചൈന തങ്ങളുടെ സൈനിക അപ്രമാദിത്യം മേഖലയിൽ ശക്തമാക്കുകയാണെന്ന സൂചനയാണ് നൽകുന്നത്. ചൈനയുടെ ഭീഷണികൾക്കിടയിലും പ്രതിരോധ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് തായ്‌വാൻ. തദ്ദേശീയമായി നിർമ്മിച്ച തങ്ങളുടെ ആദ്യത്തെ അന്തർവാഹിനിയുടെ കടൽ പരീക്ഷണങ്ങൾ തായ്‌വാൻ വിജയകരമായി പൂർത്തിയാക്കിയത് പ്രതിരോധ രംഗത്തെ വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
Story Summary
Tensions have escalated near Taiwan as the Chinese military deployed 22 aircraft and 10 naval vessels around the island, with several incursions into Taiwan’s air defense identification zone. In response, Taiwan has heightened its military readiness, monitoring the situation with missile systems and naval assets, even as it continues to advance its defense capabilities through successful sea trials of its first locally-built submarine.

