ന്യൂഡൽഹി: ഇന്ത്യൻ ചെസ് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്താവുന്ന മറ്റൊരു നേട്ടവുമായി ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ലോകത്തെ ഏറ്റവും പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് 20-കാരനായ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ പരാജയപ്പെടുത്തിയാണ് ഈ യുവതാരം കിരീടത്തിൽ മുത്തമിട്ടത്.(R Praggnanandhaa Wins Norway Chess Title 2026)
ടൂർണമെന്റിന്റെ മധ്യത്തിൽ, ആറാം റൗണ്ട് പിന്നിടുമ്പോൾ ഏറ്റവും അവസാന സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദയുടെ തിരിച്ചുവരവ് ചെസ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരുന്നു. തുടർച്ചയായ നാല് വിജയങ്ങളുമായി കുതിച്ചുയർന്ന അദ്ദേഹം, അവസാന ഘട്ടത്തിൽ കരുത്തരായ എതിരാളികളെ മറികടന്നാണ് ഒന്നാമതെത്തിയത്.
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ ഒരൊറ്റ ടൂർണമെന്റിൽ രണ്ടുതവണ ക്ലാസിക്കൽ ചെസ്സിൽ തോൽപ്പിച്ച അപൂർവ്വ നേട്ടം പ്രഗ്നാനന്ദ കൈവരിച്ചു. വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. മാഗ്നസ് കാൾസൻ, നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷ്, അലിറെസ ഫിറോസ, വെസ്ലി സോ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച ചെസ് താരങ്ങൾ അണിനിരന്ന ടൂർണമെന്റിലാണ് പ്രഗ്നാനന്ദയുടെ ഈ അവിശ്വസനീയ നേട്ടം.
ഒമ്പതാം റൗണ്ടിൽ ഡി. ഗുകേഷിനെതിരെയുള്ള വിജയം പ്രഗ്നാനന്ദയെ കിരീടപ്പോരാട്ടത്തിൽ സജീവമാക്കി നിലനിർത്താൻ സഹായിച്ചു. ഇന്ത്യൻ ചെസ്സിലെ പുതിയ ‘ഗോൾഡൻ ജനറേഷന്റെ’ തലവനായി പ്രഗ്നാനന്ദ വളർന്നുകഴിഞ്ഞു എന്ന് അടിവരയിടുന്നതാണ് ഈ കിരീടനേട്ടം.
Story Summary
R Praggnanandhaa has made history as the first Indian to win the prestigious Norway Chess tournament, completing a sensational comeback from the bottom of the standings. The 20-year-old Grandmaster secured the title by defeating Vincent Keymer in the final round, marking his rise as a dominant force in world chess after twice defeating Magnus Carlsen during the event.

