കൊച്ചി: ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ ചിത്രത്തിനൊപ്പം താൻ രണ്ടര മാസം ഗർഭിണിയാണെന്ന് കാണിച്ച് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് തന്റെ അറിവോടെയല്ലെന്ന് നടി സജ്ന നൂർ (Sajna Noor Instagram hacked). തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരോ ആസൂത്രിതമായി ഹാക്ക് ചെയ്തതാണെന്ന് സജ്ന വിശദീകരിച്ചു. ഹാക്കർമാരിൽ നിന്നും കഷ്ടപ്പെട്ട് വീണ്ടെടുത്ത അക്കൗണ്ടിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് സജ്ന നൂർ സൈബർ ആക്രമണത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
“എന്റെ കുറച്ച് വിവാദ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. ഈ അക്കൗണ്ട് എനിക്ക് തിരികെ കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. അത് എങ്ങനെയാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് എനിക്കറിയില്ല. പെട്ടെന്ന് എനിക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റിയില്ല. സുഹൃത്തുക്കൾ സ്ക്രീൻഷോട്ടുകളും മെസ്സേജുകളും അയച്ചു തന്നപ്പോഴാണ് എന്റെ പ്രൊഫൈലിൽ വന്ന വ്യാജ പോസ്റ്റിനെക്കുറിച്ച് ഞാൻ അറിയുന്നത്,” സജ്ന പറഞ്ഞു.
തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സുഹൃത്ത് ഷാലുവിന്റെ സഹായത്തോടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അക്കൗണ്ട് റിക്കവർ ചെയ്തതെന്നും അതിൽ ഹാക്കർമാർ പങ്കുവെച്ച മോശം പോസ്റ്റുകളെല്ലാം ഉടൻ തന്നെ ഡിലീറ്റ് ചെയ്തതായും സജ്ന വ്യക്തമാക്കി.
താൻ നേരിടുന്ന കടുത്ത മാനസിക വിഷമത്തെക്കുറിച്ച് താരം വീഡിയോയിൽ വിതുമ്പിക്കൊണ്ട് പറഞ്ഞു:
“ദയവുചെയ്ത് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്. ഞാനും അദ്ദേഹവും (റസൂൽ പൂക്കുട്ടി) തമ്മിൽ ബന്ധപ്പെടുത്തി ഒട്ടനവധി വൃത്തികെട്ട വീഡിയോകളാണ് പ്രചരിക്കുന്നത്. ഞാൻ ഇപ്പോൾ അങ്ങേയറ്റം തളർന്നിരിക്കുകയാണ്. ഓരോ ട്രോമയിൽ നിന്നും പതുക്കെ റിക്കവറായി വരുന്നതേയുള്ളൂ. ഇങ്ങനെ ഒരു വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ പോലും അല്ല ഞാൻ. ആര് കൊല്ലാക്കൊല ചെയ്യാൻ നോക്കിയാലും എന്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കും. ഇത് ചെയ്തത് ആരാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. നാളെത്തന്നെ സൈബർ സെല്ലിൽ ഔദ്യോഗികമായി പരാതി നൽകി ആളെ കണ്ടുപിടിക്കും. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും.”
തനിക്ക് ഒരു കുട്ടിയുണ്ടായാലോ, താൻ മറ്റൊരു വിവാഹം കഴിച്ചാലോ അത് ഒളിച്ചുവെക്കില്ലെന്നും സ്വന്തം വീഡിയോയിലൂടെ പ്രേക്ഷകരെ നേരിട്ട് അറിയിക്കുമെന്നും സജ്ന കൂട്ടിച്ചേർത്തു. അതുവരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്നും, ഉപകാരം ചെയ്തില്ലെങ്കിലും തന്നെ ഉപദ്രവിക്കരുതെന്നും അഭ്യർത്ഥിച്ച നടി, സംഭവത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
Story Summary: Actress Sajna Noor clarified through a video on her recovered Instagram account that a viral post claiming she was two and a half months pregnant with Resul Pookutty was completely fake. She revealed her account had been hacked, and toxic rumors were spread to defame her. Sajna announced she will be filing a cyber police complaint to bring the culprits to justice.

