ഹൈദരാബാദ്: സൂപ്പർ താരം രാം ചരൺ, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പെഡ്ഡി’ക്കെതിരെ (Peddi movie review controversy) സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ചിത്രത്തിൽ വ്യാപകമായ രീതിയിൽ സ്ത്രീവിരുദ്ധത അടങ്ങിയിട്ടുണ്ടെന്നാണ് പ്രേക്ഷകരിൽ നിന്നും സിനിമാ നിരീക്ഷകരിൽ നിന്നും ഉയരുന്ന ആക്ഷേപം. ഇതിനിടയിൽ ചിത്രത്തിലെ നായികയായ ജാൻവി കപൂർ തന്നെ സിനിമയിലെ സ്ത്രീവിരുദ്ധതയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് ലൈക്കടിച്ചത് സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
‘റെക്കമൻഡേഷൻ കമ്മ്യൂണിറ്റി’ (Recommendation Community) എന്ന പ്രമുഖ ഇൻസ്റ്റാഗ്രാം പേജാണ് സിനിമയിലെ നായിക കഥാപാത്രത്തിന്റെ സൃഷ്ടിയെ കടന്നാക്രമിച്ചുകൊണ്ട് പോസ്റ്റിട്ടത്. ഏകദേശം 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ ചിത്രം, ഇന്ത്യൻ സിനിമയിലെ ഒരു മുൻനിര നായികയ്ക്ക് ലഭിക്കുന്ന ഏറ്റവും വിലയേറിയ അപമാനമാണെന്ന് (most expensive disrespect) ഈ പോസ്റ്റിൽ ആരോപിക്കുന്നു.
നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തിത്വവും നൽകുമ്പോൾ, ജാൻവി അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന നായിക കഥാപാത്രത്തെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. നായികയുടെ അഭിനയത്തിനോ വ്യക്തിത്വത്തിനോ പ്രാധാന്യം നൽകാതെ, ഗ്ലാമർ പ്രദർശനത്തിനും ശരീരഭാഗങ്ങൾ ക്യാമറയിൽ പകർത്താനുമാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. മനുഷ്യന്റെ സ്വത്വത്തെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുന്ന സിനിമ, നായികയോട് യാതൊരുവിധ മാനുഷിക പരിഗണനയും കാണിക്കുന്നില്ല എന്ന വൈരുധ്യവും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സിനിമയിലെ ചില നിർണ്ണായക രംഗങ്ങളാണ് പ്രധാനമായും വലിയ രീതിയിൽ എതിർപ്പ് വിളിച്ചുവരുത്തുന്നത്. നായികയുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുമെന്ന് നായകൻ ഭീഷണിപ്പെടുത്തുന്നതും, കറണ്ട് പോകുന്ന സമയത്ത് നായികയെ ബലമായി ചുംബിക്കുന്നതുമായ അതിക്രമ രംഗങ്ങൾ പ്രണയത്തിന്റെ പേരിട്ടാണ് സംവിധായകൻ ന്യായീകരിച്ചിരിക്കുന്നത്. ഈ അതിക്രമത്തിന് ശേഷം നായിക മുറിക്കുള്ളിലിരുന്ന് കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം ആരോടും പറയാതെ മറന്നേക്കാൻ മറ്റൊരു മുതിർന്ന പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതും കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് വിമർശകർ പറയുന്നു.
പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളുടെ സമയത്ത് ജാൻവി കപൂർ തന്നെ ഇത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ നടിയുടെ എതിർപ്പുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ, ബോക്സ് ഓഫീസ് ലാഭവും മാസ്സ് എലമെന്റുകളും മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നു. സിനിമ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ ജാൻവി ഈ വിമർശന പോസ്റ്റിന് ലൈക്ക് ചെയ്തത് സംവിധായകനോടും അണിയറപ്രവർത്തകരോടുമുള്ള നടിയുടെ പരസ്യമായ വിയോജിപ്പായാണ് സിനിമാ ലോകം വിലയിരുത്തുന്നത്.
Story Summary: The Ram Charan and Janhvi Kapoor starrer ‘Peddi’ is facing heavy backlash on social media for its alleged misogynistic content and regressive portrayal of the female lead, ‘Achiyamma’. Adding fuel to the controversy, Janhvi Kapoor itself liked an Instagram post by ‘Recommendation Community’ that slammed the ₹350 crore movie as the “most expensive disrespect” to an actress, highlighting scenes of non-consensual physical advancement depicted as romance.

