ലണ്ടൻ: ഇന്ത്യയിലെ യാത്രാനുഭവങ്ങൾക്കും ഇവിടുത്തെ സുഹൃത്തുക്കൾക്കും വൈകാരികമായ കുറിപ്പിലൂടെ വിടപറഞ്ഞ് ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ഡേവ് ഫ്ലൂസ്. “ഇന്ത്യ വിടുന്നു, ഏറ്റവും കഠിനമായ വിടപറച്ചിലുകൾ” എന്ന തലക്കെട്ടോടെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി (British Photographer Viral Instagram Post). ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും തനിക്ക് തോന്നിയ ആഴത്തിലുള്ള സ്നേഹത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും ഡേവ് വീഡിയോയിൽ മനസ്സ് തുറക്കുന്നുണ്ട്. ഇന്ത്യയിലെ സുഹൃത്തുക്കളോട് വിടപറഞ്ഞ് മടങ്ങേണ്ടി വരുന്നതാണ് തനിക്ക് ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നും ഓരോ തവണ യുകെയിലേക്ക് തിരികെ പോകുമ്പോഴും ഈ തോന്നൽ താൻ വെറുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഇന്ത്യയെപ്പോലെ മറ്റൊരു രാജ്യമില്ലെന്നും ഇവിടം വിട്ടുപോകുമ്പോൾ തന്റെ ഹൃദയം തകരുന്നതുപോലെയാണെന്നും പറഞ്ഞ ഡേവ്, താൻ ഉടൻതന്നെ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുനൽകി ‘ജയ് ഹിന്ദ്’ പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ഡേവിന്റെ വൈകാരികമായ വീഡിയോ വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ് അദ്ദേഹത്തിന് വീണ്ടും രാജ്യത്തേക്ക് സ്വാഗതം അരുളി കമന്റുകളുമായി രംഗത്തെത്തിയത്. ഇന്ത്യ നിങ്ങളുടെ ആത്മാവിന്റെ ഒരു ഭാഗം ഇവിടെത്തന്നെ സൂക്ഷിക്കുമെന്നും അതുകൊണ്ട് നിങ്ങൾ തീർച്ചയായും മടങ്ങിവരുമെന്നും ആരാധകർ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയിലെ തന്റെ യാത്രാവിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുള്ള ഡേവ് ഫ്ലൂസിന് വലിയൊരു സൗഹൃദവലയം തന്നെ ഇന്ത്യയിലുണ്ട്.

