തിരുവനന്തപുരം: എൽ.ഡി.എഫിൽ (LDF) പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു (CPI firm on Deputy Opposition leader). പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും പിന്നോട്ടില്ലെന്നും അത് തങ്ങൾക്ക് കിട്ടിയേ തീരൂവെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനും സി.പി.ഐ (CPI) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നും സി.പി.എമ്മിന് (CPM) മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്നുമാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. അതേസമയം, പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ചർച്ചകളിലൂടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
“ഞങ്ങൾ എൽ.ഡി.എഫിന്റെ ഭാഗമാണ്. മുന്നണിയുടെ വളർച്ചയിലും താഴ്ചയിലും സി.പി.ഐക്ക് തുല്യ പങ്കുണ്ട്. എൽ.ഡി.എഫ് എന്ന മുന്നണി എത്രമാത്രം സി.പി.എമ്മിന്റേതാണോ, അത്രത്തോളം തന്നെ സി.പി.ഐയുടേതു കൂടിയാണ്. എൽ.ഡി.എഫ് എന്നത് ഒരു പാർട്ടിയല്ല, മുന്നണിയാണ്. അതിനകത്ത് നിൽക്കുമ്പോൾ പാർട്ടികൾക്ക് വിട്ടുനൽകേണ്ടവ നൽകിയും ഏറ്റെടുക്കേണ്ടവ ഏറ്റെടുത്തും മുന്നോട്ട് പോകേണ്ടി വരും. ഇത് തിരിച്ചറിയുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും,” ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
എന്നാൽ, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. പ്രശ്‌നപരിഹാരത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസം ബിനോയ് വിശ്വവുമായി നേരിട്ട് ചർച്ച നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം മറ്റൊരു ഘടകകക്ഷിക്ക് വിട്ടുനൽകുന്ന കീഴ്വഴക്കം എൽ.ഡി.എഫിൽ ഇല്ലെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
മുൻപ് വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ് എന്ന ഉദാഹരണമാണ് സി.പി.എം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. നിലവിൽ പ്രതിപക്ഷ ഉപനേതാവായി സി.പി.എം കാണുന്നത് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയാണ്. എന്നാൽ സി.പി.ഐയാകട്ടെ തങ്ങളുടെ മുതിർന്ന നേതാവായ കെ. രാജന് ഈ പദവി നൽകണമെന്നാണ് ശക്തമായി ആവശ്യപ്പെടുന്നത്. നിയമസഭാ സമ്മേളനം തുടരുന്നതിനിടെ മുന്നണിക്കുള്ളിൽ ഉടലെടുത്ത ഈ തർക്കം പരിഹരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ ഉഭയകക്ഷി ചർച്ചകൾ നടന്നേക്കും.
Story Summary: The CPI has taken a firm stand at its State Secretariat meeting, deciding not to compromise on the Deputy Opposition Leader post in the Kerala Assembly. While CPI State Secretary Binoy Viswam hopes for a resolution through talks, the CPI(M) remains reluctant to break tradition, aiming to clear the post for K.N. Balagopal, while CPI demands it for K. Rajan.

