കൊളംബോ: ശ്രീലങ്കയിൽ മുതിർന്നവർക്കായുള്ള സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 12 പേർ ദാരുണമായി മരണപ്പെട്ടു (Sri Lanka care home fire). അപകടത്തിൽ ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊളംബോയിൽ നിന്നും ഏകദേശം 65 കിലോമീറ്റർ തെക്കുകിഴക്കായി കലുതാര ജില്ലയിലെ അങ്കുരുവത്തോട്ടുളള ‘മാവ്പിയ സെവന എൽഡർലി കെയർ ഹോമിൽ’ (Mawpia Sevana Elderly Care Home) വൈകുന്നേരം 5:30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
തീപിടിത്തമുണ്ടായ ഉടൻ തന്നെ പുക ശ്വസിച്ചും പൊള്ളലേറ്റും 10 അന്തേവാസികൾ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു. കനത്ത പരിക്കുകളോടെ രക്ഷപ്പെടുത്തി ഹൊരണ ബേസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച രണ്ടുപേർ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടസമയത്ത് എഴുപതിലധികം മുതിർന്ന പൗരന്മാർ ഈ വയോജന മന്ദിരത്തിൽ ഉണ്ടായിരുന്നു. നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 51 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ സ്കൂളിൽ താൽക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ഏഴുപേർ നിലവിൽ വിദഗ്ദ്ധ ചികിത്സയിലാണ്.
ദുരന്തത്തിന് പിന്നാലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ഉടമയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശ്രീലങ്കയിൽ സമീപകാലത്തുണ്ടായ തീപിടിത്തങ്ങളിൽ ഏറ്റവും കൂടുതൽ ആളപായമുണ്ടായ വലിയ അപകടങ്ങളിൽ ഒന്നാണിത്.
ഹൊരണ മജിസ്‌ട്രേറ്റ് ലക്ഷ്മിനി വിതാനഗമഗെയുടെ സാന്നിധ്യത്തിൽ സ്ഥലത്ത് വിശദമായ മജിസ്റ്റീരിയൽ അന്വേഷണം നടത്തി. പൂർണ്ണമായി കരിഞ്ഞുപോയ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. മനുഷ്യർക്ക് പുറമെ ഒരു വളർത്തുപൂച്ചയുടെ മൃതദേഹവും കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്. വയോജന മന്ദിരത്തിലെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
Story Summary: A massive fire at the ‘Mawpia Sevana Elderly Care Home’ in Kalutara district, Sri Lanka, claimed the lives of 12 elderly residents and left seven others injured. While 51 residents were safely rescued, the private facility’s owner was arrested by the police as investigations continue into a suspected gas cylinder explosion.

